പുല്ലുമേട് ദുരന്തം: ഹൈക്കോടതി വിണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
തിങ്കള്‍, 24 ജനുവരി 2011 (11:42 IST)
PRO
പുല്ലുമേട് ദുരന്തം സംബന്ധിച്ച് ഹൈക്കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വനംവകുപ്പിനോടും ദേവസ്വം ബോര്‍ഡിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മകരജ്യോതി ദിനത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 104 അയ്യപ്പഭക്തര്‍ ഇവിടെ മരിച്ചിരുന്നു.
ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും വകുപ്പുകള്‍ നല്കിയ റിപ്പോര്‍ട്ടുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നെന്ന് ഹൈക്കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി വീണ്ടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പുല്ലുമേട്ടില്‍ എന്താണ് സംഭവിച്ചതെന്ന് വനംവകുപ്പ് സംഘത്തലവന്‍ കോടതിയെ അറിയിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പുല്ലുമേട്ടിലെ ചങ്ങലെയപ്പറ്റി വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടില്‍ ഒന്നും പറയുന്നില്ല. ചങ്ങല ആരു പ്രവര്‍ത്തിപ്പിക്കുന്നു, സംഭവദിവസം ചങ്ങല ഉപയോഗിച്ച് വഴി അടച്ചിരുന്നോ എന്ന് കോടതിയെ ബോധ്യപ്പെടുത്തണമെന്നും കോടതി പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതിനിടെ, അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പൊലീസിനെ അന്വേഷണത്തിന്‍റെ ഭാഗമായി അന്യസംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.