പുത്തൂര്‍ കസ്റ്റഡി മരണം: സിബിഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി

വെള്ളി, 3 ഫെബ്രുവരി 2012 (15:26 IST)
പുത്തൂര്‍ കസ്റ്റഡി മരണക്കേസില്‍ സി ബി ഐ അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി തള്ളിയത്. കേസില്‍ സി ബി ഐ അന്വേഷണം അവസാനിപ്പിക്കണം, തനിക്കെതിരായ സിംഗിള്‍ ബെഞ്ച് പരാമശങ്ങള്‍ നീക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേസിലെ പതിനാറാം പ്രതി ഡി ഐ ജി വിജയ് സാക്കറെയാണ് ഹര്‍ജി നല്‍കിയത്.

സിംഗിള്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നീക്കുന്നതുമായി ബന്ധപ്പെട്ട്‌ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച്‌ വ്യക്‌തമാക്കി. പൊലീസ്‌ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സമ്പത്തിന്റെ സഹോദരന്‍ മുരുകേശന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ സി ബി ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

ഉത്തരവില്‍ സിംഗിള്‍ ബെഞ്ച് സാക്കറെയ്ക്കെതിരെ ശക്‌തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. സാക്കറെയെ പോലെ ശക്‌തനായ ഒരു ഉദ്യോഗസ്ഥന്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥിതിക്ക് സമ്പത്തിന്റെ കുടുംബത്തിനു നീതി ലഭിക്കുമെന്നു കരുതുന്നില്ലെന്നായിരിരുന്നു കോടതിയുടെ നിരീക്ഷണം.

വെബ്ദുനിയ വായിക്കുക