പുതുക്കിയ കെട്ടിടനികുതി നിരക്കില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് മന്ത്രി പാലൊളി മുഹമദ് കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നികുതി പുതുക്കിയപ്പോള്‍ നടപടിക്രമങ്ങളില്‍ ചില വീഴ്ചകള്‍ ഉണ്ടായി. അത് പരിഹരിച്ചശേഷം പുതിയ നികുതി സമ്പ്രദായം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നേരത്തെ സര്‍ക്കാര്‍ കെട്ടിടനികുതി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, ചട്ടങ്ങളുടെ അടിസ്ഥാനമില്ലാത്ത ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കെ എം മാണി എം എല്‍ എ നിയമസഭയില്‍ ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നികുതി പരിഷ്‌കരണത്തിനുളള നിയമം 1999 ല്‍ നിലവില്‍ വന്നെങ്കിലും ചട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല.
ഇതിനു മുമ്പ് 1993 ലാണ് സംസ്ഥാനത്ത് കെട്ടിടനികുതി പുതുക്കിയത്. അന്ന് വാര്‍ഷിക വാടകമൂല്യത്തിന്‍റെ അടിസ്ഥാനത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തറ വിസ്‌തീര്‍ണ്ണമാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.