സി പി എം സംസ്ഥാന നേതൃത്വവും പി ഡി പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് താന്‍ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തിന് കത്തയച്ചു എന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിഷേധിച്ചു. ഈ വാര്‍ത്ത ശരിയല്ലെന്നും മാധ്യമങ്ങളുടെ പ്രചരണം മാത്രമാണിതെന്നുമാണ് വി എസ് പ്രതികരിച്ചിരിക്കുന്നത്.
മദനി വിഷയത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തേ പറഞ്ഞിരുന്നു. മാധ്യമങ്ങളോടാകും വി എസ് പരാതി പറഞ്ഞതെന്നും കാരാട്ട് പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, വി എസ് കത്തയച്ച കാര്യം അറിയില്ലെന്ന് പറഞ്ഞു. തന്‍റെ അറിവില്‍ അങ്ങനെയൊരു കത്ത് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ പ്രചരിപ്പിച്ചാല്‍ കത്തുകൊടുത്തു എന്നാകുമോ എന്നുമാണ് പിണറായി ചോദിച്ചത്.
സി പി എം സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും കത്ത് ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതോടെയാണ് കത്ത് അയച്ചിട്ടില്ലെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പി ഡി പിയുമായുള്ള ബന്ധം സി പി എമ്മിന് ദൂരവ്യാപകമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്നും മദനിക്ക് ഇടതുമുന്നണി വേദികള്‍ നല്‍കുന്നത് അപകടകരമാണെന്നും കാണിച്ച് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.