ആര് എതിര്‍ത്താലും പിസി ജോര്‍ജ് മത്സരിക്കും; വി എസിനെ ചീത്തവിളിച്ച ജോര്‍ജിനെ പിണറായി അംഗീകരിക്കില്ല, സഭയുടെ ഇടപെടലിനൊപ്പം സിപിഎം പിസിയെ തഴയാന്‍ ശ്രമിക്കുന്നതിനുള്ള കാരണങ്ങള്‍ പലതാണ്
തിങ്കള്‍, 21 മാര്‍ച്ച് 2016 (16:17 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ പിസി ജോര്‍ജ് മത്സരിക്കുന്ന കാര്യത്തില്‍ സിപിഎം നേതൃനിര രണ്ടുതട്ടിലായതോടെ വിഷയത്തിലെ സങ്കീര്‍ണത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനടക്കമുള്ളവര്‍ പിസി മത്സരിക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും വൈക്കം വിശ്വനും കെജെ തോമസും എതിര്‍പ്പുമായി രംഗത്ത് എത്തിയതോടെയാണ് സാഹചര്യങ്ങള്‍ മാറി മറിഞ്ഞത്.
പൂഞ്ഞാറില്‍ നിന്ന് പിസി ജോര്‍ജ് മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന നിലപാടാണ് കോടിയേരിക്കുള്ളത്. യുഡിഎഫ് വിരുദ്ധവോട്ട് ഛിന്നിപ്പോകാതെ ഏകീകരിക്കാനും ക്രിസ്‌ത്യന്‍ വോട്ടുകള്‍ പാളയത്തിലെത്തിക്കാനും സാധിക്കുമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ഈ അഭിപ്രായങ്ങളെ തള്ളിക്കളയുകയാണ് പിണറായിയും സംഘവും. യുഡിഎഫിനെ തള്ളിപ്പറഞ്ഞ് പുറത്തുചാടിയ പൂഞ്ഞാന്‍ മുന്‍ എംഎല്‍എയും മുന്‍ ചീഫ് വിപ്പുമായ പിസി ജോര്‍ജിനെ മത്സരിപ്പിച്ചാല്‍ നേട്ടമൊന്നും ഉണ്ടാകില്ല എന്ന നിലപാടാണ് ഇവര്‍ക്കുള്ളത്.
യുഡിഎഫില്‍ നിന്നപ്പോള്‍ പ്രതിപക്ഷ നേതാവും പാര്‍ട്ടിയിലെ മുതിര്‍ന്ന വ്യക്തിയുമായ വിഎസ് അച്യുതാനന്ദനെ പതിവായി അവഹേളിക്കുകയും പരസ്യമായി ചീത്തവിളിക്കുകയും ചെയ്‌ത ജോര്‍ജിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് പിണറായിക്കുള്ളത്. കൂടാതെ അന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും ഇപ്പോഴും പിണറായി മറന്നിട്ടില്ല. ഒടുവില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ തെറിയഭിഷേകം നടത്തിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയെ വെല്ലുവിളിച്ചും പുതിയ തീരങ്ങള്‍ തേടിയിറങ്ങിയ ജോര്‍ജ് ഒപ്പം കൂടിയപ്പോള്‍ സാഹചര്യം മുതലെടുക്കാന്‍ പിണറായി മൌനം പാലിക്കുകയായിരുന്നു. ഇടത് പിന്തുണയോടെ പൂഞ്ഞാറില്‍ മത്സരിക്കുകയെന്നതായിരുന്നു ജോര്‍ജിന്റെ ലക്ഷ്യം. ഇതിനായി എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്‌ണനെയും ഇടതു നേതാക്കളെയും കണ്ടിരുന്നു. അനുകൂലസാഹചര്യത്തില്‍ മായം ചേര്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഇടത് നേതൃത്വം ജോര്‍ജിനെ പിണക്കിയതുമില്ല. ആശകള്‍ ആനയോളമായ ജോര്‍ജ് പൂഞ്ഞാറില്‍ പ്രചാരണം ആരംഭിക്കാനുള്ള നീക്കങ്ങളും തുടങ്ങി.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. ജോര്‍ജിനെ മത്സരിപ്പിക്കുന്നതിനോട് പൂഞ്ഞാറിലെ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പാണ്. കൂടാതെ കാഞ്ഞിരപ്പള്ളി മെത്രാന്റെ ആശിര്‍വാദമുള്ള ജോര്‍ജ് ജെ മാത്യുവിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്ന് തന്നെ നീക്കം ആരംഭിക്കുകയും മെത്രാനുമായി അടുപ്പം പുലര്‍ത്തുന്ന പിണറായി ഇതിനോട് യോജിക്കുകയും ചെയ്‌തതാണ് പി സിക്ക് തിരിച്ചടിയായത്. കര്‍ഷകവേദി എന്ന പേരില്‍ മെത്രാന്‍ രൂപികരിച്ച സംവിധാനത്തിന്റെ ഭാഗമായി 23 മണ്ഡലങ്ങളില്‍ നിന്ന് വോട്ടും സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന് ജോര്‍ജ് ജെ മാത്യുവിനോട് താല്‍പ്പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. അത്തരമൊരു സാഹചര്യത്തില്‍ മറ്റുള്ളവരുമായി കൂട്ടുകൂടി ജോര്‍ജ് മത്സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നും നേതാക്കള്‍ തന്നെ വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ സഭയ്‌ക്കും പാര്‍ട്ടികും ഒരുപോലെ അംഗീകരിക്കാന്‍ സാധിക്കുന്ന ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ സി പി എം നേതൃത്വം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. സെക്രട്ടറിയേറ്റ് അംഗമായ കെ ജെ തോമസ്, പി ഷാനവാസ്, രാജേഷ് എന്നിവരെയാണ് സി പി എം നിര്‍ദേശിക്കുന്നത്. ഇതോടെ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന സങ്കീര്‍ണ്ണമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ് സിപിഎം.
കേരളാ കോണ്‍ഗ്രസിന് (എം) വേരോട്ടമുള്ള മണ്ണില്‍ ജയിച്ചു കയറണമെങ്കില്‍ ക്രിസ്‌ത്യന്‍ പശ്ചാത്തലം മാത്രം പോരെന്നും വ്യക്തിപ്രഭാവം വേണമെന്നുമാണ് നിലവിലെ വിലയിരുത്തല്‍. പിസി സ്ഥനാര്‍ഥിയായാല്‍ മാണി കോണ്‍ഗ്രസില്‍നിന്ന് വോട്ട് മറിയില്ലെന്ന് ഇടതിന് വ്യക്തമായി അറിയുകയും ചെയ്യാം. കൂടാതെ സിപിഎമ്മിനെതിരെ ഇത്രനാളും പ്രവര്‍ത്തിച്ചയാളെ കെട്ടിയിറക്കുന്നതിനോട് അണികള്‍ക്കും താല്‍പ്പര്യമില്ല.
അതേസമയം, ആര് എതിര്‍ത്താലും തഴഞ്ഞാലും മത്സരിക്കുമെന്നാണ് പിസി ജോര്‍ജ് വ്യക്തമാക്കുന്നത്. എസ്ഡിപിഐയേയും ബിജെപിയേയും കൂട്ടുപിടിച്ച് മത്സരിപ്പിക്കാന്‍ ജോര്‍ജ് നീക്കം നടത്തുന്നുണ്ട്. മണ്ഡലത്തിലെ മുസ്ലിം മതന്യൂനപക്ഷവുമായി ജോര്‍ജിന് അടുത്ത ബന്ധമാണുള്ളത്. തെരഞ്ഞെടുപ്പില്‍ ഇത് സഹായകമാകുമെന്നാണ് ജോര്‍ജ് കരുതുന്നത്. ഇത്തരമൊരു സാഹചര്യം വന്നാല്‍ സിപിഎം സമ്മര്‍ദ്ദത്തിലാകുമെന്നാണ് അദ്ദേഹം കരുതുന്നത്. തന്നോട് അടുപ്പമുള്ളവരെ വിളിച്ചു ചേര്‍ത്ത് ജോര്‍ജ് യോഗം ചേര്‍ന്നതായും സൂചനകളുണ്ട്.