പാലക്കാട്‌ കോച്ച് ഫാക്ടറിയ്ക്ക്‌ അനുമതി

ബുധന്‍, 26 ഓഗസ്റ്റ് 2009 (18:45 IST)
PRO
പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോട് നിര്‍ദിഷ്ട കോച്ചുഫാക്ടറി സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക്‌ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. ഇക്കാര്യം റയില്‍ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിച്ചു. അയ്യായിരം കോടി രൂപ മുതല്‍ മുടക്കിലാണ് കോച്ച് ഫാക്ടറി നിര്‍മിക്കുന്നത്. ഇതോടെ കോച്ചു ഫാക്ടറി സ്ഥാപിക്കുന്നതിനായുള്ള നടിപടികളിലേക്ക് ഒരു ചുവടുകൂടി മുന്നേറിയിരിക്കുകയാണ്.

ആസൂത്രണ കമ്മീഷന്‍റെ അംഗീകാരം ലഭിച്ച വിവരം വന്നയുടന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും കേന്ദ്ര റയില്‍വെ സഹമന്ത്രി ഇ അഹമ്മദും തമ്മില്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. സ്ഥലം ഏറ്റെടുത്ത് നല്‍ക്മെങ്കില്‍ ഉടന്‍ തന്നെ കോച്ചു ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അരംഭിക്കാമെന്ന് അഹമ്മദ് മുഖ്യമന്ത്രിയെ അറിയിച്ചു. കോച്ച് ഫാക്ടറിക്കുള്ള സ്ഥലം ഉടന്‍ ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഇ അഹമ്മദിന്‍റെ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ രണ്ടു റയില്‍ ബജറ്റുകളിലും കഞ്ചിക്കോട് കോച്ചു ഫാക്ടറിക്ക് പണം അനുവദിക്കാതിരുന്നത് ആസൂത്രണ കമ്മീഷന്‍റെ അനുമതി ലഭിക്കാത്തതു കൊണ്ടായിരുന്നു. ഫാക്ടറിക്കു വേണ്ടി കഞ്ചിക്കോട്ട്‌ സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമാണെന്ന്‌ റയില്‍വെ നിയോഗിച്ച റൈറ്റ്‌സിന്റെ ഉന്നതതല സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

പദ്ധതിയ്ക്കായി 1000 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്ത് നല്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ റയില്‍വെയ്ക്ക് വാഗ്ദാനം നല്കിയിരുന്നു.

വെബ്ദുനിയ വായിക്കുക