പാലക്കാട്ട് 41 കൊമ്പന്മാരുടെ മേള

തിങ്കള്‍, 26 നവം‌ബര്‍ 2007 (12:50 IST)
എലിഫന്‍റ് വെല്‍ഫെയര്‍ ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് ഗജമേള നടന്നു. 41 ആനകളാണ് ഇതില്‍ പങ്കെടുത്തത്. ചമയങ്ങളും അലങ്കാരങ്ങളും ഒന്നുമില്ലാതെയായിരുന്നു നഗരത്തില്‍ ആനകള്‍ അണിനിരന്നത് എന്നത് ശ്രദ്ധേയമായിരുന്നു.

സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു ഗജമേള നടന്നത്. മംഗലാം കുന്ന് കര്‍ണ്ണന്‍, കോങ്ങാട് കുട്ടിശങ്കരന്‍, ഇടക്കുന്നി അര്‍ജ്ജുനന, പാലക്കാട് കേശവന്‍, വല്ലപ്പുഴ ഗജേന്ദ്രന്‍, ഇരിങ്ങാലക്കുട മേഘനാഥന്‍, തിരുവില്വാമല മുരുകന്‍, കോട്ടയം വിഷ്ണു, പൂതൃക്കോവില്‍ ശ്രീഹരി തുടങ്ങിയവരായിരുന്നു മേളയിലെ പ്രമുഖര്‍.

കുറ്റിമുക്ക് കണ്ണനായിരുന്നു ഏറ്റവും പ്രായം കുറഞ്ഞ ആന. പിടിയാനയായ ഇന്ദിരയും മേളയില്‍ പങ്കെടുത്തു. പ്രായമായ ആനകളുടെ പുനരധിവാസം ലക്‍ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചത്. അമ്പതോളം വിദേശ സഞ്ചാരികള്‍ അടക്കം ഒട്ടേറേ പേര്‍ ആനകളെ കാണാന്‍ പാലക്കാട്ടെ ബി.ഇ.എം ഹൈസ്കൂളില്‍ എത്തിയിരുന്നു.

ഗണപതി ഹോമ പ്രസാദം, വെള്ളം, പട്ട എന്നിവയെല്ലാം സ്കൂള്‍ ഗ്രൌണ്ടില്‍ ആനകള്‍ക്കായി ഒരുക്കിയിരുന്നു. സ്വാമി മഹാദേവാനന്ദ ആനസവാരി കൊടിവീശി ഉദ്ഘാടനം ചെയ്തു. വിദേശസഞ്ചാരികള്‍ക്ക് ആനപ്പുറത്തേറി സഞ്ചരിക്കാന്‍ അവസരം ഒരുക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക