പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഞായര്‍, 8 മെയ് 2016 (15:54 IST)
ഉപയോഗശൂന്യമായ പാറമടയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കരിക്കകം ശ്രീരാഗം റോഡ് വിജില ഭവനില്‍ വിജയകുമാറിന്‍റെ മകന്‍ വിജിന്‍ (19), കരിക്കകം ചാരുമ്മൂട് മേലേവീട്ടില്‍ സുകുവിന്‍റെ മകന്‍ എസ് അച്ചു (19) എന്നിവരാണു മുങ്ങിമരിച്ചത്.
 
കഴക്കൂട്ടം കുളത്തൂര്‍ പുല്ലുകാടിനു സമീപത്തുള്ള പാറക്കുളത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കരിക്കകം സ്വദേശികളായ അനന്തു, വിഷ്ണു, ആദര്‍ശ്, അച്ചു മോഹന്‍ എന്നിവര്‍ രക്ഷപ്പെട്ടു. 
 
ആഴമില്ലാത്ത ഭാഗത്ത് ആദ്യം ഇറങ്ങിയ ഇവര്‍ പിന്നീട് വെള്ളക്കെട്ടിനു നടുവിലെ പാറയില്‍ ഇരിക്കുകയായിരുന്നു. ഇടയ്ക്ക് വിജിനും അച്ചുവും വഴുക്കലുള്ള പാറയില്‍ നിന്ന് കാല്‍ വഴുതി ആഴമുള്ള ഭാഗത്ത് വീഴുകയായിരുന്നു. മറ്റുള്ളവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. 
 
തുടര്‍ന്ന് പ്രദേശവാസിയായ കൃഷ്ണന്‍‍കുട്ടിയുടെ സഹായത്തോടെ  തുമ്പ പൊലീസും ചാക്ക ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

വെബ്ദുനിയ വായിക്കുക