പിണറായിയെ മുഖ്യമന്ത്രിയാക്കി പകരം പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കാനിടയില്ലെന്ന് സൂചന. യെച്ചൂരിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത വി എസ് മാധ്യമങ്ങളോട് ഒന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ വി എസ് നാളെ മാധ്യമങ്ങളെ കാണും. പാര്‍ട്ടി തീരുമാനം അറിഞ്ഞശേഷം വി എസിന്റെ മുഖത്ത് കടുത്ത നിരാശ പ്രകടമായിരുന്നു.
പാര്‍ട്ടി മുന്നോട്ട് വെച്ച ബദല്‍ ഫോര്‍മുല അംഗീകരിക്കെണ്ടെന്ന നിലപാടാണ് വി എസിനുള്ളതെന്നാണ് സൂചന. പാര്‍ട്ടി നല്‍കുന്ന സ്ഥാനം സ്വീകരിച്ചാല്‍ അധികാരത്തിന് പിന്നാലെ പോകുന്നയാളെന്ന പ്രതിച്ഛായ ഉണ്ടാകുമെന്ന് വി എസിന് അറിയാം. യെച്ചൂരിക്കും കോടിയേരിക്കുമൊപ്പം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് ഒന്നും സംസാരിക്കാന്‍ വി എസ് തയ്യാറായില്ല. എല്‍ ഡി എഫിനെ ജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ് നാളെ വാര്‍ത്താസമ്മേളനമെന്നാണ് വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വി എസ് തയ്യാറാകുമെന്നാണ് സൂചന.