“ഏഴു വാടകക്കൊലയാളികള്‍ക്കൊപ്പം നമ്മുടെ പാര്‍ട്ടി അംഗങ്ങളായ മൂന്നുപേര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. പാര്‍ട്ടിക്കു പങ്കില്ലെന്നു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതേസമയം, ഗൂഢാലോചനയിലെ മുഖ്യസൂത്രധാരന്‍ കുഞ്ഞനന്തനെ പാര്‍ട്ടി സെക്രട്ടറി ന്യായീകരിക്കുകയും ചെയ്യുന്നു. കുഞ്ഞനന്തന്റെ സന്ദേശം പാനൂര്‍ ഏരിയ സമ്മേളനത്തില്‍ വായിച്ചു. കുഞ്ഞനന്തനെ പാനൂര്‍ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. പാര്‍ട്ടിയെ ദുഷിപ്പിക്കുകയും തീവ്ര വലതു രീതിയിലുള്ള ഉന്മൂലനത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരെ പുറത്താക്കി പാര്‍ട്ടിയെ സംരക്ഷിക്കുന്നതിനു പകരം ഇവറ്റകളെ സംരക്ഷിക്കാനാണ് പാര്‍ട്ടി നേതൃത്വം അകമഴിഞ്ഞു ശ്രമിച്ചത്. ഇത്തരം ചെയ്തികള്‍ പാര്‍ട്ടിയെ ഗുരുതര പ്രശ്നത്തിലാക്കിയെന്ന് വി എസ് രേഖയില്‍ പറയുന്നു.
പാര്‍ട്ടി പ്രതിരോധത്തിലാകുന്നതിനു എന്നെ പഴിചാരുന്നതു വസ്തുതകളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കൊലപാതകവുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നാണ് ജനറല്‍ സെക്രട്ടറി നിലപാട് എടുത്തത്. തല്‍ഫലമായി, കെ സി രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. അത്രയെങ്കിലും സംഭവിച്ചതു വലിയ കാര്യം. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷവും പോളിറ്റ് ബ്യൂറോ അംഗങ്ങളുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു. ഇതു തെറ്റായ സന്ദേശമാണ് നല്കിയത്. പാര്‍ട്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയ കൊലപാതകിയെ നേതാക്കള്‍ സന്ദര്‍ശിച്ചത് തെറ്റായിപ്പോയെന്‍ റിപ്പോര്‍ട്ടില്‍ പറയണം.
രാമചന്ദ്രനേക്കാള്‍ കുഞ്ഞനന്തനും മനോജനുമാണ് കൂടുതല്‍ തെറ്റുകാരെന്നും കുറ്റത്തില്‍ കൂടുതല്‍ പങ്കുകാരെന്നും സംശയാതീതമായി തെളിഞ്ഞിട്ടുണ്ട്. അതിനു ശേഷവും പാര്‍ട്ടിസെക്രട്ടറി കുഞ്ഞനന്തനെയും മനോജനെയും ന്യായീകരിക്കാന്‍ നിര്‍ബന്ധിതനാകുന്നതിന്റെ സാഹചര്യം പരിശോധിക്കപ്പെടണം. കുഞ്ഞനന്തനും മനോജനും വായ തുറക്കുമെന്നു ഭയന്നിട്ടല്ലേ ഇപ്പോഴും അദ്ദേഹം ഇത്തരമൊരു നിലപാട് എടുക്കുന്നത്. ? ഇത്തരമൊരു നിലപാടിന്റെ ഫലമായി പാര്‍ട്ടിക്കുണ്ടായ കോട്ടം ചെറുതല്ലെന്നതു തിരിച്ചറിയണം. ഉടനെ ഈ അംഗങ്ങളെ പുറത്താക്കി പാര്‍ട്ടിയുടെ നിലപാട് തിരുത്തണമെന്നും വി എസ് വ്യക്തമാക്കുന്നു.