പരിസ്ഥിതിക്ക് ചേരാത്ത വികസനം ആപത്ത്: മുഖ്യമന്ത്രി

വ്യാഴം, 23 മെയ് 2013 (18:53 IST)
PRO
PRO
പാരിസ്ഥിതിക പരിഗണനകള്‍ കൂടാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നാടിനാപത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിച്ച അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണ പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി സംരക്ഷണവുമായി സമന്വയിപ്പിച്ച് നാടിന്റെ വികസനം എങ്ങനെ വിജയകരമായി ഉറപ്പുവരുത്താനാകുമെന്നതാണ് സര്‍ക്കാരുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം രൂക്ഷമായ ഊര്‍ജ പ്രതിസന്ധി നേരിടുമ്പോഴും ജൈവസമ്പത്ത് സംരക്ഷിച്ചുകൊണ്ടുള്ള വൈദ്യുത പദ്ധതികള്‍ മാത്രമേ നടപ്പിലാക്കാനാവൂ എന്ന സാഹചര്യമാണുള്ളത്. ജലവൈദ്യുതപദ്ധതികളെയാണ് ഊര്‍ജ ആവശ്യങ്ങള്‍ക്കായി കേരളം എക്കാലവും ആശ്രയിച്ചിരുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ ഇപ്പോള്‍ ഇവയ്ക്ക് അനുമതി ലഭിക്കുന്നില്ല. എങ്കിലും ഇത് അപ്പാടെ തെറ്റാണെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങില്‍ 2012ലെ ഹരിത പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. ഹരിതവ്യക്തികളായി തെരഞ്ഞെടുക്കപ്പെട്ട ജി ദേവകിയമ്മ, എംഎം സഫീര്‍, ചെറുവയല്‍ രാമന്‍, എന്‍എന്‍ ചന്ദ്രന്‍, കെ നരേന്ദ്രന്‍, സെബാസ്റ്റ്യന്‍ ഹരിതസ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട പമ്പാ പരിരക്ഷണ സമിതിക്കുവേണ്ടി എന്‍.കെ.സുകുമാരന്‍ നായര്‍ ഹരിതമാധ്യമ പുരസ്‌കാരത്തിനര്‍ഹരായ പികെ ജയചന്ദ്രന്‍, സാജ് കുര്യന്‍ എന്നിവര്‍ മുഖ്യമന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങളേറ്റുവാങ്ങി.

വെബ്ദുനിയ വായിക്കുക