പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും

വെള്ളി, 15 മെയ് 2015 (12:59 IST)
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആസ്തിയും ബാധ്യതയും ഉള്‍പ്പടെ സ്ഥാപനത്തെക്കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മെഡിക്കല്‍കോളജിന് ഇപ്പോള്‍ സര്‍ക്കാര്‍ കണക്കുപ്രകാരം 758 കോടി രൂപയുടെ ബാധ്യതയും 1500 കോടി രൂപയുടെ ആസ്തിയുമുണ്ട്. ജീവനക്കാരുടെ എണ്ണം, യോഗ്യത, കോളജിന്റെ ആസ്തി, ബാധ്യത തുടങ്ങി പരിയാരം മെഡിക്കല്‍ കോളജിനെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ തയ്യാറാക്കി വരികയാണ്.
 
പ്രത്യേക സംഘമുണ്ടാക്കിയാണ് പരിശോധന. ആരോഗ്യ സഹകരണ റവന്യൂ വകുപ്പുകള്‍ അടങ്ങിയതാണ് കമ്മിറ്റി. കഴിഞ്ഞ രണ്ടു മാസം മുമ്പ് ആരംഭിച്ച പഠനം ഉടന്‍ പൂര്‍ത്തിയാവും.  റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ ഏറ്റെടുക്കല്‍ നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക