പരക്കെ വി എസ് അനുകൂല പ്രകടനങ്ങള്‍

ബുധന്‍, 16 മാര്‍ച്ച് 2011 (19:46 IST)
PRO
2006 ആവര്‍ത്തിക്കുമോ? വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സി പി എമ്മിന്‍റെ സാധാരണ പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭ പരിപാടികള്‍ക്കൊടുവിലാണ് വി എസിന് 2006ല്‍ സീറ്റ് നല്‍കിയത്. അത്തരം പ്രതിഷേധ പരിപാടികള്‍ ആവര്‍ത്തിക്കുന്നതിന്‍റെ സൂചന സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്നു. വി എസിനെ അനുകൂലിച്ച് സംസ്ഥാനത്താകെ പ്രകടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

കാസര്‍കോട് നീലേശ്വരത്താണ് വി എസിനെ അനുകൂലിച്ച് ആദ്യ പ്രകടനം നടന്നത്. വി എസിന് സീറ്റില്ല എന്ന് വാര്‍ത്ത പുറത്തുവന്ന ശേഷം ബുധനാഴ്ച അഞ്ചുമണിയോടെയായിരുന്നു പ്രകടനം നടന്നത്. അമ്പതോളം വരുന്ന സി പി എം പ്രവര്‍ത്തകരാണ് പ്രകടനം നടത്തിയത്. പാര്‍ട്ടി പതാകയുമേന്തി നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രകടനം.

ശീതീകരിച്ച മുറികളിലിരിക്കുന്ന നേതാക്കള്‍ക്ക് സാധാരണ ജനങ്ങളുടെ മനസറിയില്ലെന്നും പാവങ്ങളുടെ നേതാവായ വി എസിന് സീറ്റ് നിഷേധിക്കുന്നത് അനീതിയാണെന്നും ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് നീലേശ്വരത്ത് പ്രകടനം നടന്നത്.

കാഞ്ഞങ്ങാട് ടൌണില്‍ ഡി വൈ എഫ് ഐ, സി ഐ ടി യു പ്രവര്‍ത്തകര്‍ വി എസിനെ അനുകൂലിച്ച് പ്രകടനം നടത്തി. ഉദുമയിലെ പൂച്ചക്കാട് നൂറ്റമ്പതിലധികം വരുന്ന പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍. രാത്രിയില്‍ പ്രകടനങ്ങള്‍ നടത്തുകയാണ് അവരുടെ ലക്‍ഷ്യം.

ഈരാറ്റുപേട്ട, തോട്ടപ്പള്ളി എന്നിവിടങ്ങളിലും വി എസ് അനുകൂല പ്രകടനങ്ങള്‍ നടന്നു. ആലപ്പുഴയിലും ഏലൂരിലും വി എസിന് പിന്തുണ അറിയിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക