പയ്യന്‍സ് മോതിരമണിഞ്ഞു, ഫയര്‍‌ഫോഴ്സ് വെള്ളം കുടിച്ചു

വ്യാഴം, 18 ജൂലൈ 2013 (17:25 IST)
PRO
PRO
ഒരു പയ്യന്‍സിന്റെ മോതിരമണിയാനുള്ള മോഹം കാരണം ഫയര്‍ഫോഴ്സുകാര്‍ വെള്ളം കുടിച്ചു. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പും ഒരാള്‍ മോതിരമണിഞ്ഞ് പ്രശ്നം ഗുരുതരമാക്കി ഫയര്‍ഫോഴ്സ് സഹായം തേടിയതിനു പുറമേ വീണ്ടും മോതിരവുമായി മറ്റൊരാളെത്തി.

തിരുവനന്തപുരം ജില്ലയിലെ പള്ളിത്തുറയിലെ സെന്‍റ് ആന്‍റണീസ് ലെയിനിനു സമീപം താമസിക്കുന്ന അഭിലാഷ് എന്ന 13 കാരന്‌ സ്റ്റീല്‍ മോതിരം അണിയാന്‍ മോഹം. മോതിരം അണിഞ്ഞോളൂ എന്ന് മാതാപിതാക്കളും വിചാരിച്ചിരിക്കണം. പ്രവാസി മലയാളികളായ ഫിനി, മേരി ലിജി ദമ്പതികളുടെ മകനാണ്‌ അഭിലാഷ്. എന്നാല്‍ അണിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്കകം കൈവിരലുകളില്‍ നീരുവന്നു വീങ്ങി.

സ്വകാര്യ ആശുപത്രികളിലും സ്വര്‍ണ്ണപ്പണിക്കാരുടെ അടുത്തും എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും മോതിരത്തില്‍ നിന്ന് അഭിലാഷിനെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അവസാനം ചാക്ക ഫയര്‍ഫോഴ്സ് സ്റ്റേഷനിലെത്തി സഹായം അഭ്യര്‍ത്ഥിച്ചു. ഫയര്‍ഫോഴ്സല്ലേ അവര്‍ അഭിലാഷിന്റെ ആവലാതി ചെവിക്കൊണ്ടു. എങ്കിലും ഒന്നര മണിക്കൂറോളം പ്രയത്നിച്ചാണ്‌ സ്റ്റീല്‍ മോതിരം വിരലിനു കേടുപറ്റാതെ മുറിച്ചുമാറ്റിയത്.

വെബ്ദുനിയ വായിക്കുക