കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ മണിക്ക് കൂറ്റന്‍ ബംഗ്ലാവുള്‍പ്പടെ പത്തു വീടുകള്‍ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിനു പുറമെ പലയിടങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂമിയും മണിക്കുണ്ടെന്നാണ് രജിസ്ട്രാര്‍ ഓഫീസിലും വില്ലേജ് ഓഫീസികളിലുമായി നടത്തിയ പരിശോധനയില്‍ നിന്നും പൊലീസിന് കിട്ടിയ വിവരം. അടിമാലിയിലെ തോട്ടവും ഇതില്‍ ഉള്‍പ്പെടും. വീടുകളില്‍ പലതും വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.
മണിയുടെ സ്വത്തുകളുടെ വരുമാനം കൈകാര്യം ചെയ്തിരുന്നത് ഭാര്യാ പിതാവായ സുധാകരനാണ്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. മണിയുടെ രക്ത സാമ്പിളുകളും ആന്തരികാവയവ ഭാഗങ്ങളും വിദഗ്ധ പരിശോധനയ്ക്ക് അയക്കാന്‍ പോലീസ് തീരുമാനിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലാണ് പരിശോധന നടത്തുക. മരണത്തിന് മുമ്പും ശേഷവുമുള്ള സാമ്പിളുകളാണ് അയക്കുക.