നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ്. നോക്കുകൂലി വാങ്ങുന്നവര്‍ക്കെതിരെ ഇനിമുതല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സി ഐ ടി യു സംസ്ഥാന പ്രസിഡന്‍റ് കെ എന്‍ രവീന്ദ്രനാഥ് പറഞ്ഞു.
തൃശൂരില്‍ സി ഐ ടി യു സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോക്കുകൂലി വാങ്ങിയെന്നറിഞ്ഞാല്‍ നിര്‍ബന്ധമായും അത് തിരിച്ചു കൊടുപ്പിക്കുമെന്നും രവീന്ദ്രനാഥ് പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെയും സി ഐ ടി യു സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. തൊഴില്‍ മന്ത്രി പി കെ ഗുരുദാസന്‍, വ്യവസായമന്ത്രി എളമരം കരീം, തദ്ദേശസ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും വിമര്‍ശനമുയര്‍ന്നത്. വന്‍കിട സംരംഭകരെ സഹായിക്കുന്ന നിലപാടാണ് മന്ത്രിമാര്‍ സ്വീകരിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണു വിമര്‍ശനം ഉയര്‍ന്നത്. സി ഐ ടി യു നേതാക്കളായ മന്ത്രിമാര്‍ സംഘടനാ പ്രവര്‍ത്തനത്തിനു കൂടുതല്‍ സമയം കണ്ടെത്തണമെന്നും സമ്മേളനത്തില്‍ നിര്‍ദേശം നല്‍കി.
ആതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്ന് സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. പദ്ധതിക്കെതിരായ നീക്കം രാഷ്‌ട്രീയ പ്രേരിതമാണെന്ന് ചില പ്രതിനിധികള്‍ ആരോപിച്ചു.