നെഹ്രുട്രോഫി ജലമേള ശനിയാഴ്ച, അല്ലു അര്‍ജ്ജുനും ചിരഞ്ജീവിയും എത്തും

വെള്ളി, 9 ഓഗസ്റ്റ് 2013 (18:59 IST)
PRO
അറുപത്തൊന്നാമത് നെഹ്രുട്രോഫി ജലമേള ശനിയാഴ്ച ആലപ്പുഴ പുന്നമടയില്‍ നടക്കും. ചരിത്രത്തിലാദ്യമായി 22 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഇതുള്‍പ്പടെ 63 കളിവള്ളങ്ങളുടെ സാന്നിധ്യമാണ് ജലമേളയിലുണ്ടാവുക.

ഗവര്‍ണര്‍ നിഖില്‍ കുമാറാണ് വള്ളം‌കളിക്ക് മുഖ്യാതിഥിയായി വരുന്നത്. കേന്ദ്രമന്ത്രിമാരായ ചിരഞ്ജീവി, ജിതേന്ദ്രസിംഗ്, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജലമേളയില്‍ പങ്കെടുക്കാനെത്തും. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജ്ജുന്‍റെ സാന്നിധ്യവും ഇത്തവണത്തെ ജലമേളയുടെ പ്രത്യേകതയാണ്.

പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ 16 ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കും. വനിതകള്‍ മാത്രം തുഴയുന്ന കളിവള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കും.

കേരളത്തിലെ ജലമേളകളില്‍ ഏറ്റവും പ്രശസ്തം നെഹ്രുട്രോഫി വള്ളംകളിയാണ്. എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്രുട്രോഫി ജലമേള നടക്കുന്നത്. ജവഹര്‍ലാല്‍ നെഹ്രു സമ്മാനിച്ച ട്രോഫിക്കു വേണ്ടിയാണ് ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിക്കുന്നത്.

നെഹ്രു ട്രോഫിയില്‍ 2007 വരെ കോട്ടയം ജില്ലയില്‍ നിന്നുള്ള കുമരകത്തെ വിവിധ ടീമുകളും 2008ലും 2009ലും കൊല്ലം ജീസസ് ബോട്ട് ക്ലുബും വിജയിച്ചു. 2010ല്‍ കുമരകത്തിന്‍റെ ടൌണ്‍ എത്തി കുത്തക തിരിച്ചു പി‌ടിച്ചു. 2011ല്‍ കൊല്ലത്തു നിന്നുള്ള ദേവാസ് ജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും നിയമപോരാട്ടത്തിനൊടുവില്‍ ജയം കൈനകരിയില്‍ നിന്നുള്ള ഫ്രീഡം ബോട്ട് ക്ലുബിന്‍റെ കാരിച്ചാലിനായി. ആ മത്സരഫലം ഇപ്പോഴും നീയമ കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്. അറുപതാമത്‌ നെഹ്രു ട്രോഫി കിരീടം ശ്രീഗണേശ്‌ ചുണ്ടനായിരുന്നു. കൈനകരി ഫ്രീഡം ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ശ്രീഗണേശ്‌ വള്ളം ആനാരി പുത്തന്‍ചുണ്ടനെ പിന്തള്ളിയാണ് ട്രോഫി സ്വന്തമാക്കിയത്.

അത്യന്തം വാശിയൊടെ തുഴയെറിഞ്ഞ് കരിനാഗങ്ങള്‍ മത്സരിക്കുമ്പോള്‍ അന്തിമ വിജയം പ്രവചനാതീതമായിരിക്കും. 3000ത്തിലധികം തുഴച്ചില്‍ക്കാര്‍ മാറ്റുരക്കുന്ന ആവേശപ്പോരാട്ടത്തിനൊടുവില്‍ വിജയിക്കുന്ന ടീം നെഹ്രുവിന്‍റെ കയ്യൊപ്പുള്ള വെള്ളിച്ചുണ്ടനില്‍ മുത്തമിടും.

വെബ്ദുനിയ വായിക്കുക