നെല്‍‌വയല്‍ നികത്തി വികസനം ആകാം: ഇ പി ജയരാജന്‍

തിങ്കള്‍, 19 മാര്‍ച്ച് 2012 (20:58 IST)
PRO
നെല്‍‌വയലുകള്‍ നികത്തി വികസനമാകാമെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗവും കര്‍ഷക സംഘത്തിന്‍റെ സംസ്ഥാന പ്രസിഡന്‍റുമായ ഇ പി ജയരാജന്‍. കല്യാശേരിയില്‍ വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം സ്ഥാപിച്ചത് വികസനം കൊണ്ടുവന്നു എന്നും ജയരാജന്‍ പറഞ്ഞു. ഇതിനെ ചൊല്ലിയുള്ള കുറ്റപ്പെടുത്തലുകളില്‍ തളരില്ല എന്നും ജയരാജന്‍ പറയുന്നു.

കെ എസ് കെ ടി യുവിന്‍റെ നേതൃത്വത്തില്‍, വയല്‍ നികത്തലിനെതിരെ നടത്തിയ സമരത്തെയാണ് ഇതോടെ സി പി എമ്മിന്‍റെ ഉന്നത നേതാവായ ഇ പി ജയരാജന്‍ തള്ളിക്കളഞ്ഞിരിക്കുന്നത്.

രണ്ടുവര്‍ഷം മുമ്പ് കല്യാശേരിയില്‍ വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം സ്ഥാപിക്കുന്നതിനെതിരെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. എന്നാല്‍ പിന്നീട് ആ സമരം ദുര്‍ബലപ്പെട്ടു. സമരം തളരാന്‍ ഇടയായത് സി പി എമ്മിലെ തന്നെ ഒരു വിഭാഗത്തിന്‍റെ ഇടപെടല്‍ മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

സമരം ഇല്ലാതാകുകയും പിന്നീട് വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം സ്ഥാപിക്കുകയൂം ചെയ്തു. ഈ സംഭവത്തെ ന്യായീകരിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തിയത് സി പി എമ്മിനുള്ളില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക