നെല്ലിയാമ്പതി എസ്റ്റേറ്റ് ഏറ്റെടുക്കല്‍; ടേംസ് ഓഫ് റഫറന്‍സ് തയാറാക്കുന്നതില്‍ വീഴ്ച
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2013 (17:13 IST)
PRO
PRO
നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനം നടത്തിയ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ ഈയാഴ്ച തുടങ്ങാനിരുന്ന ആക്ഷന്‍ പ്ലാനിന് ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കുന്നതില്‍ വീഴ്ച. മൂന്ന് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുകയും നാലെണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്യുന്ന ആക്ഷന്‍ പ്ലാനെക്കുറിച്ച് നെല്ലിയാമ്പതി കര്‍മ്മ സമിതിയെ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഈയാഴ്ച നിര്‍ണായക യോഗം ചേര്‍ന്ന് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിന് ടേംസ് ഓഫ് റഫറന്‍സ് രൂപീകരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. നെല്ലിയാമ്പതിയിലെ കാരപ്പാറ ഏബി എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനാണ് വനം വകുപ്പ് രണ്ടാഴ്ച്ച മുമ്പ് നോട്ടീസ് നല്‍കിയത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ കാരപ്പാറ എസ്‌റ്റേറ്റ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തളളിയ പശ്ചാത്തലത്തിലായിരുന്നു നടപടി.
എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം വനഭൂമിയാണെന്നും പാട്ടകരാര്‍ ലംഘനം പ്രഥമദൃഷ്ടാ സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കാരപ്പാറ, ഏബി എസ്റ്റേറ്റുകള്‍ക്ക് പുറമെ പാട്ടകരാര്‍ ലംഘനം നടത്തിയ ലക്ഷമി, മീരാ ഫ്‌ളോര്‍ത്ത്, ചെറുനെല്ലി എസ്‌റ്റേറ്റുകള്‍ക്ക് കൂടി വനം വകുപ്പ് ഈ ആഴ്ച്ച നോട്ടീസ് അയക്കും. 3960 ഏക്കര്‍ വനം ഭൂമി ഇത്തരത്തില്‍ സര്‍ക്കാറിലേക്ക് മുതല്‍കൂട്ടാനാണ് വനം വകുപ്പിന്റെ നീക്കം.എന്നാല്‍ നെല്ലിയാമ്പതി എസ്റ്റേറ്റ് പിടിച്ചെടുക്കുന്നതിന് രൂപീകരിച്ച ഉദ്ദ്യോഗസ്ഥതല കര്‍മ്മ സമിതി ഇതുവരെയും യോഗം ചേരാത്തത് നടപടികള്‍ ത്രിശങ്കുവിലാക്കി.
വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററാണ് കര്‍മ്മ സമിതിക്ക് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ടേംസ് ഓഫ് റഫററന്‍സ് എഴുതി നല്‍കുക. എന്നാല്‍ വനം വകുപ്പ് ഈ ആഴ്ച്ച തുടങ്ങാനിരിക്കുന്ന ആക്ഷന്‍ പ്ലാനിന് കര്‍മ്മ സമിതി ഇതുവരെ അനുമതി നല്‍കിയിട്ടില്ല. നെല്ലിയാമ്പതിയിലെ എട്ട് എസ്റ്റേറ്റുകള്‍ പാട്ടകരാര്‍ ലംഘിച്ച് വനഭൂമി ക്രയവിക്രയം ചെയ്തതും കേന്ദ്ര വന നിയമം ലംഘിച്ച് വനഭൂമി ഈടുനല്‍കി വായിപ്പ നല്‍കിയത് സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ നടപടികള്‍ തല്‍കാലത്തേക്ക് നീട്ടിവെക്കാനാണ് കര്‍മ്മ സമിതിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.