നിലപാടില്‍ ഉറച്ച് മുല്ലപ്പള്ളി: സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു
വെള്ളി, 12 ജൂലൈ 2013 (12:49 IST)
PRO
PRO
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കേന്ദ്രസഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ മാനസിക പ്രയാസമുണ്ടാക്കി എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
തനിക്കെതിരെ തിരുവഞ്ചൂര്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കുമെന്നാണ് തന്റെ പ്രതീക്ഷ. പരാമര്‍ശം നീക്കിയാല്‍ പരാതിയില്ലെന്നും തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി അറിയിച്ചു. ടി പി വധക്കേസ് സംബന്ധിച്ച കൊലയ്ക്ക് പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ല. അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തില്‍ ഉന്നത നേതാക്കളുടെ പേര് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ടി പി വധക്കേസില്‍ പ്രതികളുടെ പേര് താന്‍ നിര്‍ദ്ദേശിച്ചുവെന്ന തിരുവഞ്ചൂരിന്റെ നിയമസഭയിലെ പരാമര്‍ശത്തിനെതിരെയാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുല്ലപ്പള്ളി ആദ്യം പ്രതികരിച്ചത്. നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് മര്യാദയല്ല. അത് ചട്ടവിരുദ്ധമാണ്.
ടി പി വധക്കേസിലെ പ്രതികളുടെ പേര് പറയാന്‍ മാത്രം മണ്ടനല്ല താന്‍. അന്വേഷണം നടക്കുന്ന കേസില്‍ ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും താന്‍ ഇടപെട്ടിട്ടില്ലെന്നും മുല്ലപ്പള്ളി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ടിപി വധക്കേസില്‍ പ്രതികളാക്കേണ്ടവരുടെ പേര് മുല്ലപ്പള്ളി രാമചന്ദ്രന്‍ എഴുതി നല്‍കിയെന്ന് താന്‍ നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടാകാന്‍ സമ്മതിക്കില്ലെന്നാണ് താന്‍ നിയമസഭയില്‍ പറഞ്ഞത്.
മുല്ലപ്പള്ളിയുടെ മുന്‍കാല പ്രസ്താവനകള്‍ ഉദ്ദേശിച്ചു മാത്രമാണ് താന്‍ നിമയസഭയില്‍ സംസാരിച്ചതെന്നും മുല്ലപ്പള്ളിക്കെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തിരുവഞ്ചൂര്‍ വിശദീകരിച്ചു. ഈ വിശദീകരണത്തില്‍ തൃപ്തിയുണ്ടെന്നാണ് മുല്ലപ്പള്ളി ഇന്ന് വ്യക്തമാക്കിയത്.