നിരപരാധിയെ ചെകിട്ടത്തടിക്കുകയും തൊഴിക്കുകയും ചെയ്ത അഡിഷണല്‍ എസ്.ഐയ്ക്ക് പതിനായിരം രൂപ പിഴ വിധിച്ചു. കുടുംബ വഴക്കുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ വിളിച്ചു വരുത്തി ചെകിട്ടത്തടിക്കുകയും തൊഴിക്കുകയും ചെയ്ത കിളിമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ എ എസ് ഐ ജയനാണ് മനുഷ്യാവകാശ കമ്മീഷന്‍ പിഴ വിധിച്ചത്.
വാമനപുരം ശുഭഭവനിലെ ബി.ജയക്കുട്ടന്‍ ഒരു മാസത്തിനകം നഷ്ടപരിഹാരം നല്‍കാനാണു വിധി. പിഴ ഒടുക്കിയില്ലെങ്കില്‍ ഇയാളുടെ ശമ്പളത്തില്‍ നിന്ന് തുക ഈടാക്കാനും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവിട്ടു.
മര്‍ദ്ദനമേറ്റ ജയക്കുട്ടന്‍റെ സഹോദരന്‍ ബിജുക്കുട്ടനുമായുള്ള വസ്തു തര്‍ക്കവുമായി പൊലീസ് ഇടപെടുന്നത് എന്തിനെന്നു ചോദിച്ചതിനാണു പൊലീസ് മര്‍ദ്ദിച്ചത്. പൊലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.