നിയമനത്തില്‍ ക്രമക്കേട്: എം‌ജി സര്‍വകലാശാല വിസിക്കെതിരേ നടപടിക്ക് ശുപാര്‍ശ

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (11:26 IST)
PRO
PRO
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എവി ജോര്‍ജിനെതിരെ നടപടിക്ക് ശുപാര്‍ശ. ചീഫ് സെക്രട്ടറി ഇകെ ഭരത്ഭൂഷനാണ് നടപടിക്ക് ശുപാര്‍ശ ചെയ്ത് കൊണ്ട് റിപ്പോര്‍ട്ട് നല്‍കിയത്. വിസിയുടെ നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചിട്ടുണ്ടെന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസമന്ത്രിക്കും കൈമാറിയിരിക്കുന്നത്.

നേരത്തെ തന്നെ വിവാദത്തിലായ വൈസ് ചാന്‍സിലറുടെ നിയമനം മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഓഫ് ക്യാംപസ് സെന്ററുകള്‍ അനുവദിച്ചതിലും തസ്തികകള്‍ സൃഷ്ടിച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംജി സര്‍വകലാശാല വിസിയായി എവി ജോര്‍ജ് നിയമിതനായത് ബയോഡേറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടി ചേര്‍ത്താണെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിസിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും ചെയ്തിരുന്നു.

അതേസമയം കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നിയമന ഉത്തരവില്‍ തിരുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് എവി ജോര്‍ജ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കത്തയച്ചതും ഗവര്‍ണറുടെ ഓഫീസ് ഇത് തള്ളിയതും തെളിവുകള്‍ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് നിയമന മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലെയും ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എവി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക