നാഗമാണിക്യം, ഇരുതലമൂരി, നക്ഷത്ര ആമ... ഇപ്പോള്‍ കള്ളനോട്ടും!

ശനി, 2 മാര്‍ച്ച് 2013 (12:47 IST)
PTI
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കള്ളനോട്ടുസംഘത്തിലെ ഒരാളെക്കൂടി തൃശൂര്‍ ഷാഡോ പോലീസ്‌ അറസ്റ്റുചെയ്തു. 96500 രൂപയുടെ കള്ളനോട്ടുകളും വിതരണത്തിന്‌ ഉപയോഗിച്ച സാന്‍ട്രോ കാറും ലാപ്‌ ടോപ്പും പ്രിന്ററും പ്രതിയുടെ പക്കല്‍നിന്നും പിടികൂടി. പെരുമ്പാവൂര്‍ അല്ലപ്ര ഒര്‍ണ പാലയില്‍ മുകള്‍വീട്ടില്‍ അയ്യപ്പന്‍ മകന്‍ സന്‍ജയ്‌ എന്ന്‌ വിളിക്കുന്ന സാജന്‍(33)നെയാണ്‌ തൃശൂര്‍ സിറ്റിപോലീസ്‌ കമ്മീഷണര്‍ പി പ്രകാശിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി അസി. കമ്മീഷണര്‍ ചന്ദ്രന്‍ ചൗധരി, സ്പെഷല്‍ ബ്രാഞ്ച്‌ എസിപിപി രാധാകൃഷ്ണന്‍ നായര്‍, എന്നിവരുടെ മേല്‍നോട്ടത്തില്‍ ഈസ്റ്റ്‌ സിഐ ടി ആര്‍ സന്തോഷ്‌, വെസ്റ്റ്‌ സിഐ എ രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റ്‌ എസ്‌ ഐ ബെന്നി ജേക്കബ്‌, അഡീഷണല്‍ എസ്‌ ഐ സുരേഷ്‌ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്‌.

കള്ളനോട്ടുകള്‍ വിവിധ ജില്ലകളിലായി വിതരണത്തിന്‌ കൊണ്ടുപോകുകയായിരുന്നുവെന്ന്‌ അറസ്റ്റിലായ പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. രണ്ടുദിവസം മുമ്പ്‌ തൃശൂര്‍ നെല്ലായി സ്വദേശി പുത്തരിക്കാട്ടില്‍ ഗോപി മകന്‍ സുഭാഷിനെ ഒരുകോടി രൂപയുടെ കള്ളനോട്ടു സഹിതം പൊലീസ്‌ അറസ്റ്റുചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ്‌ സുഭാഷിന്റെ സംഘത്തിലെ മുഖ്യകണ്ണികൂടിയായ സാജന്‍ പിടിയിലായത്‌.

തൃശൂര്‍ പാലിയേക്കരയിലെ ടോള്‍ പ്ലാസ്സയ്ക്ക്‌ സമീപം വച്ചാണ്‌ കഴിഞ്ഞദിവസം വൈകിട്ട്‌ മൂന്നിന്‌ സാജന്‍ പിടിയിലായത്‌. നേരത്തെ പിടിയിലായ സുഭാഷിന്റെ പക്കല്‍നിന്നും കള്ളനോട്ടടിക്കാനുള്ള ഉപകരണങ്ങളും പിടികൂടിയിരുന്നു. ഇവരുടെ സംഘത്തില്‍ ഇനിയും കൂടുതല്‍ പേര്‍ ഉണ്ടെന്ന്‌ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌. കള്ളനോട്ടുകള്‍ എവിടെയെല്ലാം സംഘം വിതരണം ചെയ്തു എന്നുള്ള വിവരങ്ങള്‍ പൊലീസ്‌ ശേഖരിച്ചുവരികയാണ്‌. തൃശൂര്‍ നഗരത്തില്‍ പെട്രോള്‍പമ്പുകള്‍, ചെറിയ കച്ചവടസ്ഥാപനങ്ങള്‍, ബാറുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ വിതരണം നടത്തിയിട്ടുള്ളതെന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്‌.

അറസ്റ്റിലായ സാജന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌ ഡിപ്ലോമക്കാരനാണ്‌. കമ്പ്യൂട്ടറില്‍ നല്ല പരിജ്ഞാനമുള്ള ആളുകൂടിയാണ്‌ ഇയാള്‍. ചെറുപ്പം മുതല്‍ വീട്ടുകാരുമായി വഴക്കിട്ട്‌ നാടുവിട്ട ഇയാള്‍ ഒറ്റയ്ക്കാണ്‌ വിവിധ സ്ഥലങ്ങളില്‍ താമസിച്ചുവരുന്നത്‌. കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും തമിഴ്‌നാട്ടിലെ മധുര, കോയമ്പത്തൂര്‍, സേലം, തേനി, ശങ്കരന്‍കോവില്‍ എന്നിവിടങ്ങളിലും താമസിച്ച്‌ വിവിധ ജോലികള്‍ ചെയ്തിട്ടുണ്ട്‌. തമിഴ്‌നാട്ടില്‍ റൈസ്‌ പുള്ളിംഗ്‌ എന്ന സംഘത്തിലെ നാഗമാണിക്യം, ഇരുതലമൂരി, നക്ഷത്രആമ, പണംഇരട്ടിപ്പിക്കല്‍, പഴയ പെട്രോള്‍ മാക്സ്‌ എന്നീ ടീമുകളില്‍ അംഗമായതിന് ശേഷമാണ്‌ കള്ളനോട്ടുസംഘവുമായി ബന്ധപ്പെടുന്നത്‌. തൃശൂര്‍ ഷാഡോ പോലീസിന്‌ ലഭിച്ച രഹസ്യവിവരങ്ങളാണ്‌ കള്ളനോട്ടുസംഘത്തെ പിടികൂടുവാനും അവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം നിരീക്ഷിച്ച്‌ തടയാനും കഴിഞ്ഞത്‌.

കള്ളനോട്ടുകള്‍ കയ്യില്‍ ലഭിക്കുന്ന മുറെ പൊതുജനം സ്വയം നശിപ്പിച്ച്‌ കളയുന്നതും പോലീസില്‍ അറിയിക്കുവാന്‍ തയ്യാറാകാത്തതും പോലീസിനെ കൂടുതല്‍ കുഴക്കുന്നതായും അന്വേഷണസംഘം പരാതിപ്പെടുന്നു. പ്രതിയെ അറസ്റ്റുചെയ്ത സംഘത്തില്‍ ഷാഡോ പോലീസ്‌അംഗങ്ങലായ എ.എസ്‌.ഐ മാരായ ഡേവിസ്‌, വിജയന്‍, മോഹനന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ എം.പി.മുഹമ്മദ്‌ റാഫി, അന്‍സാര്‍, വി.കൃഷ്ണകുമാര്‍, സുവ്രതകുമാര്‍, പി.എം.റാഫി, ജോസ്‌.കെ.ഗോപാലകൃഷ്ണന്‍, സി.പി.ഒ മാരായ പഴനിസ്വാമി, ഉല്ലാസ്‌ എന്നിവരും ഉണ്ടായിരുന്നു. നേരത്തെ അറസ്റ്റിലായ പ്രതി സുഭാഷ്‌ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ റിമാന്റിലാണ്‌.

വെബ്ദുനിയ വായിക്കുക