നഷ്‌ടമായത് പ്രിയ കഥാകാരി: ഒ എന്‍ വി

ഞായര്‍, 31 മെയ് 2009 (13:04 IST)
തനിക്ക് നഷ്‌ടപ്പെട്ടത് ഏറെ പ്രിയപ്പെട്ട കഥാകാരിയും കവയിത്രിയുമാണെന്ന് കവി ഒ എന്‍ വി കുറുപ്പ് പറഞ്ഞു. കഥ എഴുതുന്നതിലും കവിത എഴുതുന്നതിലും മാധവിക്കുട്ടിക്ക്‌ അവരുടേതായ ശൈലിയുണ്ടായിരുന്നുവെന്നും ഒ എന്‍ വി അനുസ്മരിച്ചു.

കമല സുരയ്യ ഒഴിഞ്ഞുപോയ ഇടം മലയാള സാഹിത്യത്തില്‍ എന്നും ശൂന്യമായിരിക്കും എന്ന്‌ ഡോ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. മലയാളികള്‍ക്ക്‌ പുതിയൊരു കണ്ണ്‌ സമ്മാനിച്ചാണ്‌ കമല സുരയ്യ യാത്രയായതെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിന്‍റെ മുഖം മൂടി പിച്ചി ചീന്തിയ എഴുത്തുകാരിയായിരുന്നു കമല സുരയ്യയെന്ന് മന്ത്രി എം എ ബേബി അനുസ്മരിച്ചു. കമല സുരയ്യയുടെ സംസ്കാരം കേരളത്തില്‍ തന്നെ നടത്താനാണ്‌ സംസ്ഥാന സര്‍ക്കാരിന്‍റെ താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക്‌ പ്രിയപ്പെട്ട സാഹിത്യകാരി മാത്രമല്ല, സുഹൃത്തും കൂടിയായിരുന്നു മാധവിക്കുട്ടിയെന്ന്‌ കവയത്രി സുഗതകുമാരി പറഞ്ഞു. അളവറ്റ സമ്പത്ത്‌ മലയാള സാഹിത്യത്തിന്‌ വാരിക്കോരി നല്‍കിയ സാഹസികയായ എഴുത്തുകാരിയായിരുന്നു കമല സുരയ്യ. സ്‌നേഹ സമ്പന്നമായിരുന്നു കമല സുരയ്യയുടെ മനസെന്നും സുഗതകുമാരി അനുസ്മരിച്ചു.

വ്യത്യസ്‌തമായ എഴുത്ത്‌ കൊണ്ട്‌ ശ്രദ്ധേയയായ കമലസുരയ്യ എന്നും ഓര്‍മിക്കപ്പെടുമെന്ന്‌ മന്ത്രി ബിനോയ്‌ വിശ്വം അനുസ്മരിച്ചു. ഹൃദയത്തിന്‍റെ ഭാഷയെ എല്ലാ ആര്‍ദ്രതയിലും അവതരിപ്പിച്ച എഴുത്തുകാരി ആയിരുന്നു കമല സുരയ്യ എന്നും ബിനോയ്‌ വിശ്വം പറഞ്ഞു.

നിഷ്കളങ്കതയുടെ കുസൃതിയും പ്രേമത്തിന്‍റെ തന്‍റേടവും മാധവിക്കുട്ടിയില്‍ പ്രകടമായിരുന്നുവെന്ന്‌ ഡി വിനയചന്ദ്രന്‍ അനുസ്മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സ്‌ത്രീ കഥാകൃത്തായാണ്‌ മാധവിക്കുട്ടിയെ താന്‍ പരിഗണിക്കുന്നതെന്നും വിനയചന്ദ്രന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക