നഴ്‌സുമാര്‍ക്ക് പുതുക്കിയ ശമ്പളഘടന ഉറപ്പു നല്‍കിയ സര്‍ക്കാര്‍ തീരുമാനം അട്ടിമറിച്ചു. തൊണ്ണൂറ് ശതമാനം മാനേജുമെന്റുകളും ശമ്പള വര്‍ധന നടപ്പാക്കിയിട്ടില്ല. ബെഡുകളുടെ എണ്ണം കുറച്ചു കാണിച്ചാണ് ശമ്പള തീരുമാനം മാനേജുമെന്റുകള്‍ അട്ടിമറിച്ചത്. മെയ് ഒന്നു മുതല്‍ ശമ്പള വര്‍ധന നടപ്പാക്കുമെന്നായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ വാഗ്ദാനം.
നഴ്‌സുമാരുടെ ദീര്‍ഘ നാളത്തെ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ശമ്പള വര്‍ദ്ധനവ് നടപ്പാക്കികൊണ്ടുളള തീരുമാനം എപ്രില്‍ 16ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി മാനേജുമെന്റുകളും നഴ്‌സിംഗ് സംഘടനകളുമായി നടത്തിയ നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് ശമ്പള വര്‍ധന പ്രഖ്യാപിച്ചത്. പതിമൂവായിരത്തി അഞ്ഞൂറു രൂപയായിരുന്നു അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത്.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും പുറപ്പെടുവിച്ചിരുന്നു. പുതുക്കിയ ശമ്പള നിരക്ക് 2013 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു എന്ന് വിജ്ഞാപനം പറയുന്നു. കിടക്കകളുടെ എണ്ണം അനുസരിച്ച് ശമ്പളം നിശ്ചയിക്കുമെന്നായിരുന്നു തീരുമാനം. വിജ്ഞാപനം ഇറക്കിയപ്പോള്‍ തന്നെ ഇതിലെ അപാകതകള്‍ നഴ്‌സിങ് സംഘടനകള്‍ ചൂണ്ടികാട്ടിയിരുന്നു.
ജനറല്‍ വാര്‍ഡുകളില്‍ മൂന്ന് ബെഡുകള്‍ ഒന്നായി കണക്കാക്കുമെന്നാണ് വിജ്ഞാപനം പറയുന്നത്. 21 മുതല്‍ 100 വരെ കിടക്കളുളള ആശുപത്രികള്‍ അഞ്ച് ശതമാനവും 101 മുതല്‍ 300 വരെ കിടക്കകളുളള ആശുപത്രികള്‍ 12 ശതമാനവും 301 മുതല്‍ 500 വരെ കിടക്കകളുളള ആശുപത്രികള്‍ 15 ശതമാനവും 501 മുതല്‍ 800 വരെ കിടക്കകളുളള ആശുപത്രികള്‍ 20 ശതമാനവും എണ്ണൂറിന് മുകളില്‍ കിടക്കകളുളള ആശുപത്രികള്‍ 30 ശതമാനവും അധിക അലവന്‍സ് നല്‍കണമെന്നും വിജ്ഞാപനത്തിലുണ്ട്.
പ്രഖ്യാപനമുണ്ടായി നാല് മാസം കഴിഞ്ഞിട്ടും 90 ശതമാനം മാനെജ്‌മെന്റുകളും ഈ തീരുമാനം നടപ്പാക്കിയിട്ടില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ നിയമമാകും. നിയമം ലംഘിക്കുന്ന മാനേജുമെന്റുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.