നഴ്സുമാരുടെ ബോണ്ട് വ്യവസ്ഥ നിര്‍ത്തലാക്കാന്‍ ശുപാര്‍ശ
ബുധന്‍, 2 മെയ് 2012 (12:27 IST)
PRO
PRO
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്യുന്ന നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മിറ്റി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഴ്സുമാരുടെ ബോണ്ട് വ്യവസ്ഥ നിര്‍ത്തലാക്കണമെന്നും ശമ്പളം വര്‍ധിപ്പിക്കണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
നിലവിലുള്ള ശമ്പളം മൂന്നു മടങ്ങോളം വര്‍ധിപ്പിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നാണ് സൂചന. നഴ്സുമാരോട് പ്രതികാര നടപടി സ്വീകരിക്കുന്ന മാനേജ്മെന്റുകളോട് കര്‍ശന നിലപാടു സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ സമരം നടത്തിയതിനേത്തുടര്‍ന്നാണ് നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ബലരാമന്‍ അധ്യക്ഷനായ കമ്മിറ്റിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. നഴ്സുമാരില്‍ നിന്നും ആശുപത്രി മാനേജ്മെന്റുകളില്‍ നിന്നും നേരിട്ടാണു കമ്മിറ്റി തെളിവെടുത്തത്.