നബിയുടെ മുടിയെപ്പറ്റി ഒന്നും പറയാനില്ല: കാന്തപുരം

വെള്ളി, 25 ഫെബ്രുവരി 2011 (11:51 IST)
PRO
PRO
ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ആദരിക്കുന്ന മുഹമ്മദ് നബിയുടെ തിരുകേശത്തിനെതിരേ വിമര്‍ശനമുന്നയിക്കുന്ന പുത്തന്‍വാദികള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും അവരോട് സംവദിക്കാനില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. തൃശൂര്‍ ജില്ലാ മീലാദ്‌ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പുത്തന്‍വാദികളിപ്പോള്‍ കേരളത്തില്‍ നബിയുടെ തലമുടി വിവാദമാക്കിയിരിക്കുകയാണ്‌. ഇക്കാര്യത്തെക്കുറിച്ച്‌ വിമര്‍ശനമുന്നയിച്ച്‌ പത്രങ്ങളില്‍ വെറുതെ ഓരോന്ന് എഴുതിവിടുകയാണ്‌. ഇവര്‍ക്ക്‌ മറുപടി പറയാന്‍ ഞാന്‍ ആളല്ല. ഇവര്‍ മറുപടി അര്‍ഹിക്കാത്തവരാണ്‌‌.”

“ഇന്ത്യയില്‍ നേരത്തെത്തന്നെ കശ്മീരിലെ പള്ളിയില്‍ തിരുകേശം സൂക്ഷിച്ചിട്ടുണ്ട്. ആറു വര്‍ഷം മുമ്പാണ്‌ തിരുകേശത്തിന്റെ രണ്ടു കഷണം മര്‍കസിന്‌ ലഭിച്ചത്‌. അന്‍സാരികളുടെ ഗസ്‌റജ്‌ കുടുംബാംഗമായ അബൂദബിയിലെ ഡോക്‌ടര്‍ അഹ്മദ്‌ ഗസ്‌റജ്‌ ആണ്‌ മര്‍കസിലെ സമ്മേളനവേദിയില്‍ വച്ച്‌ ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി തിരുകേശം എനിക്ക്‌ കൈമാറിയത്‌.”

“അത്‌ പ്രൗഢിയോടെ സൂക്ഷിക്കാന്‍ കാല്‍ലക്ഷം പേര്‍ക്ക്‌ നമസ്കരിക്കാവുന്ന മസ്ജിദ്‌ 40 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ മര്‍കസ്‌ തീരുമാനിച്ചിട്ടുണ്ട്‌. നാലു ലക്ഷം പേരില്‍ നിന്ന്‌ ആയിരം രൂപ വീതം വാങ്ങി പണം കണെ്ടത്താനാണ്‌ തീരുമാനം. ഈ പള്ളിയുടെ മുറ്റത്ത്‌ ഉദ്ഘാടനദിവസം 10 കോടി സലാത്ത്‌ ചൊല്ലും.”

“സുന്നി സ്ഥാപനങ്ങളില്‍ ഈ വര്‍ഷം വിദ്യാര്‍ഥികള്‍ ഒരു കോടി മുതല്‍ മൂന്നു കോടി വരെ സലാത്തുകള്‍ ചൊല്ലിയിട്ടുണ്ട്‌. എന്റെ സ്വന്തം നാടായ കാന്തപുരത്തെ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ അഞ്ചു കോടി സലാത്ത്‌ ചൊല്ലിയിട്ടുണ്ട്‌. അവരുടെ പരിപാടിയില്‍ ഇന്നലെ ഞാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു” - കാന്തപുരം പറഞ്ഞു.

(ചിത്രത്തിന് കടപ്പാട് - സുന്നി ഓണ്‍‌ലൈന്‍ ന്യൂസ് ഡോട്ട് കോം)

വെബ്ദുനിയ വായിക്കുക