ധനിഷയുടെ മരണം: മാനസീക പീഡനംമൂലമെന്ന് ബന്ധുക്കള്‍

വെള്ളി, 27 ജനുവരി 2012 (14:51 IST)
കോളജ് വിദ്യാര്‍ഥിനിയായ നടുവണ്ണൂരിലെ പുലിപ്ര കുന്നുമ്മല്‍ ധനിഷ(20) ആത്മഹത്യ ചെയ്യാനിടയായത് മാനസിക പീഡനമൂലമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് ധനിഷയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ധനിഷ.

അമ്മ നാരായണിയുടെയും മാതൃസഹോദരി ലക്ഷ്മിയുടെയും പേരില്‍ മോഷണക്കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിനേത്തുടര്‍ന്നുണ്ടായ മാനഹാനിയാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാരായണിയും ലക്ഷ്മിയും ജോലിചെയ്യുന്ന വീട്ടില്‍ നിന്ന് രണ്ടര പവന്‍ സ്വര്‍ണാഭരണം കാണാതായിരുന്നു. തുടര്‍ന്ന് മോഷണകുറ്റം ആരോപിച്ച് നാരായണിയെയും ലക്ഷ്മിയെയും പേരാമ്പ്ര പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ താമസിക്കുന്ന പുലിപ്രകുന്ന് കോളനിയിലെത്തി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് ചോദ്യം ചെയ്തതും തുടര്‍ന്ന് മാനഹാനി ഉണ്ടായതുമാണ് ധനിഷ ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക