ദേവസ്വം: യോഗം തുടങ്ങി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ശബരിമലയില്‍ ആരംഭിച്ചു. ബോര്‍ഡ് പ്രസിഡന്‍റ് സി കെ ഗുപ്തന്‍, അംഗങ്ങളായ സുമതിക്കുട്ടി, നാരായണന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

ദേവസ്വം അംഗങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ജി സുധാകരന്‍ ആഭയന്തര വകുപ്പിന് കത്ത് നല്‍കിയ ശേഷം ആദ്യമായാണ് ബോര്‍ഡ് യോഗം ചേരുന്നത്. ഈ വിഷയത്തില്‍ മന്ത്രിക്ക് ബോര്‍ഡ് പ്രസിഡന്‍റ് പിന്തുണ നല്‍കിയതില്‍ അംഗങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

ശബരിമല ഡ്യൂട്ടിക്ക് ഹാജരാകാത്ത ദേവസ്വം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രസിഡന്‍റ് സി കെ ഗുപ്തന്‍ യോഗത്തിന് മുന്‍പ് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും.അരവണ കരാര്‍ നല്‍കിയതു സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകും. അരവണ നിര്‍മ്മാണം ദേവസ്വം ഏറ്റെടുത്ത ശേഷം ഉള്ള പുരോഗതിയും യോഗം വിലയിരുത്തും.

കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്നതാണ് ബോര്‍ഡ് യോഗം. എന്നാല്‍, അംഗങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക