കൊച്ചിയിലെ ഒരു പിആര്‍ ഏജന്‍സി വഴിയാണ് ദിലീപ് അനുകൂല തരംഗം സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നതെന്ന വിവരം നേരത്തെതന്നെ പൊലീസിനു ലഭിച്ചിരുന്നു. ലക്ഷങ്ങള്‍ പ്രതിഫലമായി നല്‍കിയാണ് ദിലീപിന് വേണ്ടി ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. ഈ ഏജന്‍സി ഏതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ തന്നെ അവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ ഏജന്‍സിയെ പരിചയപ്പെടുത്തിക്കൊടുത്തത് ദിലീപിന്റെ കുടുംബസുഹൃത്തായ ആര്‍എസ്എസ് പ്രാന്തസംഘചാലകാണ് എന്നും ദേശാഭിമാനി ആരോപിക്കുന്നു. ഓരോ ദിവസവും നൂറ് കണക്കിന് വ്യാജ പ്രൊഫൈലുകളില്‍ നിന്നാണ് ദിലീപിന് വേണ്ടി മുറവിളികള്‍ ഉയരുന്നത്. കുറ്റവാളിയെന്ന് കോടതി ശിക്ഷിക്കുന്നത് വരെ ദിലീപിനെ ക്രൂശിക്കരുതെന്നു തുടങ്ങി ദിലീപിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ വരെ ഉപയോഗിച്ചാണ് ശക്തമായ പ്രചരണം നടക്കുന്നത്.
സോഷ്യല്‍ മീഡിയ തുറന്നാല്‍ ആദ്യം കാണുന്നതെല്ലാം ദിലീപിന്റെ അപദാന കഥകള്‍ മാത്രമാണ്. മാത്രമല്ല നടിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നുണ്ട്. ദിലീപിന് അനുകൂലമായി പ്രതികരണം നടത്താന്‍ പ്രമുഖ സിനിമാ താരങ്ങളെ അടക്കം സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ദിലീപിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചവര്‍ പോലും പിന്നീട് മൃദുസമീപനം സ്വീകരിച്ചത് ഇത് മൂലമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.