തോമസ് ചാണ്ടിക്കെതിരായ കേസ്: അഡീഷണല്‍ എ ജി ഹാജരാകണമെന്ന് റവന്യൂ മന്ത്രി; അഭിഭാഷകനെ മാറ്റുന്നത് കേസിനെ ബാധിക്കുമെന്ന് സിപിഐ

വെള്ളി, 27 ഒക്‌ടോബര്‍ 2017 (12:37 IST)
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ അഡീഷണല്‍ എ ജി രഞ്ജിത് തമ്പാന്‍ ഹാജരാകണമെന്ന് റവന്യൂ മന്ത്രി‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എ ജിക്ക് റവന്യൂമന്ത്രി  ഇ ചന്ദ്രശേഖരന്‍ കത്തയച്ചു. പൊതുതാല്‍പ്പര്യമുള്ള ഒരു കേസാണ് ഇത്. അത്തരമൊരു കേസില്‍ അഭിഭാഷകനെ മാറ്റുന്നത് ആ കേസിനെ ബാധിക്കുമെന്നും മന്ത്രിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
 
അഡീഷണല്‍ എജിയെ മാറ്റാന്‍ കഴിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും റവന്യു മന്ത്രി കത്തയക്കുമെന്നാണ് സിപി‌ഐ അറിയിച്ചത്. സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ മീനാക്ഷി തമ്പാന്റെ മകനായ രഞ്ജിത് തമ്പാന്‍ സിപിഐയുടെ നോമിനിയായാണ് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായത്. തോമസ് ചാണ്ടിക്കെതിരെയുള്ള കേസുകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നതും ഇദ്ദേഹമാണ്. 
 
തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ റവന്യൂ വകുപ്പും സിപിഐയും കര്‍ശനനിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് അനുസരിച്ച് കായലും പുറമ്പോക്കും കയ്യേറിയതിന് ക്രിമിനല്‍ കേസടക്കം എടുക്കാവുന്നതാണെന്ന കുറിപ്പ് റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയ്തിരുന്നു. 
 
അതേസമയം, കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ ശേഷം കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചുള്ള നിയമോപദേശം തേടാനുമാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നും സൂചനയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍