തേക്കടി തടാകത്തില്‍ ബോട്ട് യാത്ര നാളെ മുതല്‍

വ്യാഴം, 14 ജനുവരി 2010 (10:10 IST)
PRO
തേക്കടി തടാകത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 30നുണ്ടായ അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ബോട്ട് യാത്ര നാളെ മുതല്‍ പുനരാരംഭിക്കും. വനം വകുപ്പിന്‍റെ രണ്ട് ബോട്ടുകളാണ് നാളെ സര്‍വീസാരംഭിക്കുക. വനം വകുപ്പിന്‍റെ രണ്ട് ബോട്ടുകള്‍ക്ക് പുറമേ കെ ടി ഡി സിയുടെ നാല് ബോട്ടുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. ഈ ബോട്ടുകള്‍ ഉടന്‍ തന്നെ സര്‍വീസ് തുടങ്ങും.

ബോട്ട് യാത്രയ്ക്ക് ടിക്കറ്റ് നല്‍കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് പാസുള്ളവര്‍ക്ക് മാത്രമേ ഇനി ബോട്ടിംഗിന് ടിക്കറ്റ് ലഭിക്കുകയുള്ളൂ. കരിഞ്ചന്തയിലെ ടിക്കറ്റ് വില്‍പന തടയുന്നതിനാണിത്. നേരത്തെ സൌജന്യമായി യാത്ര ചെയ്തിരുന്ന കുമളി നിവാസികള്‍ക്കും ഇനി ടിക്കറ്റ് ബാധകമാണ്.

അന്യ സംസ്ഥാനത്തു നിന്നെത്തിയ 45 പേരാണ് സെപ്റ്റംബറിലെ ബോട്ടപകടത്തില്‍ മരിച്ചത്. കെ ടി ഡി സിയുടെ ജലകന്യക എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ബോട്ടിന് നിര്‍മ്മാണ തകരാര്‍ ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക