തെളിവുകള്‍ പുറത്തു വിടൂ, തനിക്ക് ഇന്ത്യയിലൊരിടെത്തും ഭൂമിയില്ലെന്നും ചാണ്ടി ഉമ്മന്‍

തിങ്കള്‍, 22 ജൂലൈ 2013 (09:25 IST)
PRO
തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ അതു സംബന്ധിച്ച തെളിവുകള്‍ പുറത്തു വിടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. സോളാര്‍ കേസിലെ പ്രതി സരിതയും ചാണ്ടി ഉമ്മനും മുന്‍ മന്ത്രി ഗണേശ് കുമാറും ചേര്‍ന്ന് ബാലരാമപുരത്ത് ഭൂമി വാങ്ങിക്കൂട്ടിയെന്ന,​ ബിജു രാധാക‌ൃഷ്ണന്റെ സഹതടവുകാരനായിരുന്ന സഞ്ജുവിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.

തനിക്കെതിരായ ആരോപണങ്ങളില്‍ കഴന്പില്ല. ഒരു തെളിവും ഇല്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ബാലരാമപുരത്തെന്നല്ല,​ ഇന്ത്യയില്‍ ഒരിടത്തും തനിക്ക് ഭൂമിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്നലെയാണ് സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും മുന്‍മന്ത്രി ഗണേഷ് കുമാറും ചേര്‍ന്ന് ബാലരാമപുരത്ത് സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ തന്നോട് പറഞ്ഞതായി സഹതടവുകാരന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പത്തനംതിട്ട ജില്ലാ ജയിലില്‍ ബിജുവിനൊപ്പം കഴിഞ്ഞ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ സഞ്ജുവാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സോളാര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന്റെ പേരിലാണ് സഞ്ജുവിന് ജയിലില്‍ കഴിയേണ്ടിവന്നത്.

വെബ്ദുനിയ വായിക്കുക