തെറ്റ് തിരുത്താന്‍ സോണിയാ ഗാന്ധിയുടെ അനുവാദം വേണ്ട: പി സി ജോര്‍ജ്

തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (12:27 IST)
PRO
PRO
ബിജെപി സംഘടിപ്പിച്ച കൂട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്ത് വിവാദത്തിലായ ചീഫ് വിപ്പ് പി സി ജോര്‍ജ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ രംഗത്തെത്തി. ഗുജറാത്ത് സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥാനങ്ങള്‍ രാജിവയ്ക്കുമോ എന്ന് ജോര്‍ജ്ജ് ചോദിച്ചു.

മസ്കറ്റ് ഹോട്ടലില്‍ ഗുജറാത്ത് പ്രതിനിധികള്‍ക്കൊപ്പം ആഭ്യന്തരമന്ത്രി ഭക്ഷണം കഴിച്ചതായും ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രിമാര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. തന്നെ ആരും മര്യാദ പഠിപ്പിക്കേണ്ട. തെറ്റ് ചെയ്താല്‍ ഭിക്ഷക്കാരന്‍ പറഞ്ഞാലും തിരുത്തും. അതിന് സോണിയാ ഗാന്ധിയുടെ അനുവാദം വേണ്ടെന്നും ജോര്‍ജ് പറഞ്ഞു.

കോട്ടയത്തെ കൂട്ടയോട്ടമാണ് പി സി ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ കാവി ഷാള്‍ പുതച്ചാണ് വേദിയിലേക്ക് പ്രവേശിച്ചത്. നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീ ഷര്‍ട്ട് പി സി ജോര്‍ജ് വേദിയില്‍ ഉയര്‍ത്തിക്കാട്ടി. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ പ്രതിമ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മോഡിയാണ് രാജ്യവ്യാപകമായി കൂട്ടയോട്ടത്തിന് ആഹ്വാനം ചെയ്തത്. റണ്‍ ഫോര്‍ യൂണിറ്റി എന്ന് പേരിട്ടിരിക്കുന്ന കൂട്ടയോട്ടമാണ് പി സി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്തത്.

കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത പി സി ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌(എം) ചെയര്‍മാന്‍ കെഎം മാണി പറഞ്ഞിരുന്നു. താന്‍ ചെയ്തത് പാപമായി കാണുന്നില്ല എന്നായിരുന്നു പിസി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വെബ്ദുനിയ വായിക്കുക