തെക്കന്‍ ജില്ലകളില്‍ എക്സൈസ് പരിശോധന ശക്തമാക്കി

ഞായര്‍, 10 ഓഗസ്റ്റ് 2008 (10:43 IST)
തെക്കന്‍ ജില്ലകളില്‍ എക്സൈസ് പരിശോധന കര്‍ശനമാക്കി. ഓണക്കാലമടുത്തതിനെ തുടര്‍ന്നാണിത്.

ഓണക്കാലത്ത് മാഫിയാ സംഘങ്ങള്‍ വന്‍ തോതില്‍ സ്പിരിട്ട് ശേഖരിക്കാന്‍ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് എക്സൈസ് നീക്കം. ആര്യങ്കാവ് ചെക്‍പോസ്റ്റില്‍ പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്.

ചെക്‍പോസ്റ്റിന് സമീപം ചില വഴികളിലുടെയും സ്പിരിറ്റ് കടത്താറുണ്ടെന്നത് കണക്കിലെടുത്താണ് പരിശോധന നടക്കുന്നത്. പാഴ്സല്‍ ലോറികളിലും മറ്റുമാണ് സ്പിരിറ്റ് കടത്തുന്നത്.

മാസം പത്ത് ലോഡ് സ്പിരിറ്റെങ്കിലും അധികൃതരുടെ കണ്ണില്‍ പെടാതെ കടത്തുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ഓണക്കാലത്ത് ഇത് മൂന്നിരട്ടി വരെയാകും. ചില ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഇത് കൂടാതെ മലയോര മേഖല കേന്ദ്രീകരിച്ച് അനധികൃത വാറ്റും നടക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ 4683 റെയ്ഡുകള്‍ കൊല്ലം ജില്ലയില്‍ നടത്തിയിരുന്നു. വന്‍ സ്പിരിറ്റ് ശേഖരവും പിടികൂടുകയുണ്ടായി.

വെബ്ദുനിയ വായിക്കുക