തീവ്രവാദ കേസിലെ പ്രതിക്ക് ജാമ്യം; ഉത്തരവ് ഹൈക്കോടതി വിധി മറികടന്ന്
വ്യാഴം, 22 ഓഗസ്റ്റ് 2013 (13:50 IST)
PRO
PRO
ഹൈക്കോടതി വിധി മറികടന്ന് തീവ്രവാദക്കേസിലെ പ്രതിക്ക് കീഴ്‌ക്കോടതി ജാമ്യം നല്‍കി. കണ്ണൂരില്‍ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിലെ മൂന്നാംപ്രതി മെഹറൂഫിനാണ് തലശേരി സെഷന്‍സ് കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചത്. 2007 നവംബറില്‍ കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദിന് സമീപത്തു നിന്ന് രണ്ട് പൈപ്പ് ബോംബ് കണ്ടെത്തിയ സംഭവത്തിലെ മൂന്നാം പ്രതിയാണ് മെഹറൂഫ്.
പ്രതി രാജ്യദ്രോഹക്കുറ്റം നടത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കാനാകില്ലെന്നും രണ്ടുമാസം മുമ്പ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല.
കഴിഞ്ഞ ജൂണ്‍ 26 ന് ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ഉത്തരവില്‍ മെഹറൂഫ് രാജ്യദ്രോഹക്കുറ്റം ചെയ്തതായി കാണുന്നുവെന്നും ജാമ്യം നല്‍കുന്നത് തീവ്രവാദ കേസുകളെ ബാധിക്കുമെന്നും പറയുന്നുണ്ട്. ഇതിനു ശേഷമാണ് കേസ് നിലനില്‍ക്കുന്ന തലശേരി സെഷന്‍സ് കോടതിയില്‍ ഇയാള്‍ വീണ്ടും അപേക്ഷ നല്‍കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ച് ഇതിനെ എതിര്‍ക്കാതെ പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും നിശബ്ദത പാലിച്ചതോടെയാണ് മെഹറൂഫിന് ജാമ്യം ലഭിച്ചത്.
കണ്ണൂര്‍ സിറ്റി പോലീസ് അന്വേഷണം നടത്തി കേസ് എഴുതിത്തള്ളിയെങ്കിലും പിന്നീട് പിടിയിലായ തടിയന്റടവിട നസീറും ഷഫാസും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് പുനരന്വേഷിക്കുകയായിരുന്നു. മെഹറൂഫിന്റെ വാഹനത്തിലാണ് നസീറും ഷഫാസും ബോംബുകളുമായി യാത്ര ചെയ്തതെന്നും ഇവര്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ ഗള്‍ഫിലേക്ക് കടന്ന മെഹറൂഫിനെ ജനുവരിയില്‍ നാട്ടിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.