തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ച് എടിഎം കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍

ശനി, 25 ജനുവരി 2014 (16:37 IST)
PRO
PRO
എടിഎമ്മില്‍ നിന്ന് ഉപഭോക്താക്കളെ വിദഗ്ദ്ധമായി കബളിപ്പിച്ചു പണം തട്ടുന്ന വിരുതന്മാരെ പൊലീസ് പിടികൂടി. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ പ്രിന്‍സ് അബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്‌ ബിഹാര്‍ സ്വദേശികളായ പ്രതികളെ കുടുക്കിയത്.

വിവിധ ജില്ലകളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണു തട്ടിപ്പ് തുടങ്ങിയത്. ലോഡ്ജുകളില്‍ താമസിച്ചായിരുന്നു തട്ടിപ്പ് ഗൂഢാലോചന നടത്തുന്നത്. കാവല്‍ക്കാരില്ലാത്തെ എടിഎമ്മുകളില്‍ പല്ലുകുത്തി, തീപ്പെട്ടിക്കൊള്ളി എന്നിവ ഉപയോഗിച്ചാണു ഇവര്‍ പണി പറ്റിക്കുന്നത്.

ഇവര്‍ ആദ്യം എടിഎമ്മുകളിലെ 'എന്‍റര്‍' ബട്ടണ്‍ പ്രവര്‍ത്തിപ്പിക്കാതാക്കും. എന്നിട്ടു പുറത്തു കാത്തു നില്‍ക്കും. ഉപഭോക്താക്കള്‍ രഹസ്യ കോഡ് ടൈപ്പ് ചെയ്ത് പണം സ്വീകരിക്കുന്നതിനായി പിന്നീട് 'എന്‍റര്‍' ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അത് പ്രവര്‍ത്തിക്കാതെ വരും. അപ്പോള്‍ യന്ത്ര തകരാറാണെന്നു കരുതി ഉപഭോക്താവ് സ്ഥലം വിടും. ഉടന്‍ അകത്തു കയറുന്ന പ്രതികള്‍ തടസം മാറ്റി എന്‍റര്‍ അമര്‍ത്തുമ്പോള്‍ പണം പുറത്തു വരും. ഇതായിരുന്നു ഇവരുടെ പ്രവര്‍ത്തന ശൈലി.

ഇടുക്കി, വയനാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇവരുടെ പ്രവര്‍ത്തനം വിജയകരമായിരുന്നു. ഇത്തരത്തില്‍ വിവിധ എടിഎമ്മുകളില്‍ നിന്നായി ലക്ഷക്കണക്കിനു തുക കൈക്കലാക്കിയ ശേഷം ഈ തുക ഇവര്‍ സ്വദേശത്തേക്ക് അയയ്ക്കുകയായിരുന്നു.

അടുത്തിടെ കോഴിക്കോട്ടെ കോട്ടുളി മഠത്തില്‍ സുരേഷ് ബാബു എന്നയാളുടെ 40,000 രൂപ ഇത്തരത്തില്‍ നഷ്ടപ്പെട്ടതോടെയാണു പൊലീസിനു ചെറിയൊരു തുമ്പ് കിട്ടിയത്. ഇവര്‍ ലോഡ്ജുകളിലെ രജിസ്റ്റര്‍ നമ്പരില്‍ ഫോണ്‍ നമ്പര്‍ എഴുതുമ്പോള്‍ 9 അക്കങ്ങള്‍ മാത്രമായിരുന്നു നല്‍കിയിരുന്നത്.

ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഇവര്‍ നല്‍കിയ വിലാസം വച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. അങ്ങനെ എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് പണം തട്ടുന്നവരെ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചതോടെയാണു ഫലമുണ്ടായത് എന്ന് പൊലീസ് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക