തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ രണ്ടാംഘട്ട വികസനത്തിനായി 45 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്നതിന് സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിവര്‍ഷം 5000 സ്കോളര്‍ഷിപ്പുകളാണ് നല്‍കുക. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകളുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പാലൊളി മൊഹമ്മദ് കുട്ടി കമ്മിറ്റി ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം. മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 3000 രുപ മുതല്‍ 5000 രുപ വരെയാണ് സ്കോളര്‍ഷിപ്പ് തുകയിനത്തില്‍ ലഭിക്കുക.
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് മത്സരപരീക്ഷകളില്‍ തയാറെടുക്കുന്നതിന് ഹോസ്റ്റല്‍ സൌകര്യം ഉപയോഗപ്പെടുത്തുന്നതിന് സ്റ്റൈഫന്‍ഡ് നല്‍കുമെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രീ മെട്രിക് ട്രെയിനിംഗ് സെന്‍ററുകളുടെ മാതൃകയില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമായി ട്രെയിനിംഗ് സെന്‍ററുകള്‍ തുടങ്ങുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായി.
ഓണത്തിന് ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് സൌജന്യ റേഷന്‍ അനുവദിക്കും. കൊച്ചി നഗരസഭാതിര്‍ത്തിയില്‍ മൂന്ന് ഹോമിയോ ഡിസ്പന്‍സറികളും തുടങ്ങാന്‍ തീരുമാനമയിട്ടുണ്ട്. കാസര്‍ഗോഡ് പകര്‍ച്ചപ്പനി ബാധിച്ചവര്‍ക്ക് ഒരു മാസത്തെ സൌജന്യ റേഷന്‍ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം തടയുന്നത് സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നു.