തന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ തെറ്റുചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയെ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്ത ചോര്‍ത്തലുമായി ബന്ധപ്പെട്ട് പേഴ്സണള്‍ സ്റ്റാഫിലെ മൂന്നു പേരെ പുറത്താക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താനോ പാര്‍ട്ടിയുടെ ഈ നീക്കമെന്ന ചോദ്യത്തിന് പ്രവര്‍ത്തനം ദുര്‍ബലപ്പെടില്ലെന്നായിരുന്നു വി എസിന്റെ മറുപടി. അങ്ങനെ ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റം പറയാനാകില്ലെന്നും വി എസ് പറഞ്ഞു.
വി എസിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി കെ ശശിധരന്‍, വി എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ്, പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍ എന്നിവരെയാണ് പുറത്താക്കാന്‍ സി പി എം തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തചോര്‍ത്തി നല്‍കി എന്ന കുറ്റം ചുമത്തിയാണ് ഇവരെ പുറത്താക്കുന്നത്.
പാര്‍ട്ടി സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനാണ് മൂന്ന് പേരെയും പുറത്താക്കാനുള്ള സംസ്‌ഥാന സെക്രേട്ടറിയറ്റിന്റെ തീരുമാനം സംസ്‌ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ചത്. സംസ്‌ഥാന സമിതി ഇത് അംഗീകരിച്ചു. ജെ മേഴ്‌സിക്കുട്ടിയമ്മയും എസ് ശര്‍മ എന്നിവര്‍ ഈ നീക്കത്തെ സംസ്‌ഥാന സമിതിയില്‍ എതിര്‍ത്തു. ജനുവരി 17 ന് കൊല്‍ക്കത്തയില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗം തുടങ്ങുന്നുണ്ട്. അപ്പോള്‍ പുറത്താക്കല്‍ തീരുമാനത്തിന് അംഗീകാരം നല്‍കും എന്നാണ് റിപ്പോര്‍ട്ട്.
കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പാര്‍ട്ടി സംസ്‌ഥാന ഘടകത്തിന്റെ പ്രവര്‍ത്തനരേഖ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി പാര്‍ട്ടി സംസ്‌ഥാന ഘടകം തയാറാക്കിയ രേഖ ചോര്‍ത്തി എന്നീ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ പ്രധാനമായും ഉയര്‍ന്നത്.
വൈക്കം വിശ്വന്‍, എ വിജയരാഘവന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് പെഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ക്കെതിരായ ആരോപണം അന്വേഷിച്ചത്. ജൂണില്‍ ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന്പേരോടും സംസ്‌ഥാന കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് സംസ്‌ഥാന കമ്മിറ്റി വിലയിരുത്തി. തുടര്‍ന്ന് നടപടിയിലേക്ക് കടക്കാന്‍ തീരുമാനിക്കുകയായിരുന്നു.
വി എസിനെ തീര്‍ത്തും നിരായുധനാക്കുക എന്ന ഔദ്യോഗിക പക്ഷത്തിന്റെ നീക്കമാണ് വിശ്വസ്തരുടെ പുറത്താകലിലേക്ക് നയിച്ചത്.