തന്നെ മോശമാക്കാന്‍ ശ്രമം - മുനീര്‍

ശനി, 1 സെപ്‌റ്റംബര്‍ 2007 (16:54 IST)
FILEFILE
തന്നെ കൊള്ളരുതാത്തവനായി ചിത്രീകരിക്കാന്‍ സംഘടിത ശ്രമം നടക്കുന്നതായി മുന്‍ പൊതുമരാമത്ത് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. ഇപ്പോളുള്ള അഴിമതിയാരോപണങ്ങള്‍ ഏകപക്ഷീയമാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന പലരും താന്‍ മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തില്‍ കരാര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്നു കണ്ടിരുന്നു.

അവരുടെ കത്തുകള്‍ തന്‍റെ കൈവശമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന് വന്നിട്ടുള്ള കാര്യങ്ങള്‍ മാത്രമേ താനും ചെയ്തിട്ടുള്ളൂ. ലോകത്ത് ഇതുവരെ ആരും ചെയ്യാത്ത ദ്രോഹമാണ് ഇടതുമുന്നണിയും ചില മാധ്യമങ്ങളും തന്നോട് ചെയ്യുന്നത്. ആദര്‍ശധീരതയുടെ ഒരു തലമുറയെ പിന്തുടര്‍ന്ന് പൊതുപ്രവര്‍ത്തനം നടത്തുന്ന തന്നെ കൊള്ളരുത്താത്തവനായി ചിത്രീകരിക്കാനാണ് ശ്രമം.

ഇതിനായി സര്‍ക്കാരിനെയും മറ്റ് സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തുകയാണ്. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളില്‍ ഏത് അന്വേഷണത്തിനും തയാറാണ്. പക്ഷേ നീതി ലഭിക്കണമെന്ന് മാത്രം. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ധനമന്ത്രിയുടെ അറിവോടെയാണ്. തന്‍റെ മുന്‍‌ഗാമികള്‍ ചെയ്തിട്ടുള്ള കാര്യം മാത്രമേ താനും ചെയ്തിട്ടുള്ളൂ.

താന്‍ കുറ്റക്കാരനാണെങ്കില്‍ അവരും കുറ്റക്കാരാണ്. 2001 മുതല്‍ 2006 വരെ ചെയ്തിട്ടുള്ള ടെണ്ടര്‍ നടപടികളുടെ രേഖകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. മുന്‍ മന്ത്രിമാരെ ഒഴിവാക്കി തന്നെ മാത്രം ബലിയാടാക്കുന്നത് എന്തിനാണ്. കഴിഞ്ഞ 10 വര്‍ഷവും ബജറ്റ് അടങ്കല്‍ ഇല്ലാതെയാണ് അറ്റുകുറ്റപ്പണിക്കായി കരാര്‍ നല്‍കിയത്.

കെ.എസ്.ടി.പി. പദ്ധതിയുടെ പേരിലായിരുന്നു ആദ്യ ആരോപണം. ഇപ്പോള്‍ അതിനെക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്ന് മുനീര്‍ ചോദിച്ചു. കെ.എസ്.ടി.പി നേരെ കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരു വര്‍ഷം കൊണ്ട് 250 കോടി രൂപ നഷ്ടപ്പെടില്ലായിരുന്നു.

പതിബെല്ലുമായി കരാറുണ്ടാക്കിയതായിരുന്നു പിന്നീടുള്ള ആരോപണം. ഇപ്പോല്‍ ഇതേ പതിബലുമായി പിന്‍‌വാതില്‍ ചര്‍ച്ച നടത്തുകയാണ് സര്‍ക്കാര്‍. എത്രയൊക്കെ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും പൊതുപ്രവര്‍ത്തന രംഗത്ത് തുടരുമെന്നും ഇടതുമുന്നണിയുടെ കൊള്ളരുതായ്മയ്ക്കെതിരെ പോരാടുമെന്നും മുനീര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക