തന്നെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്ന് പി സി ജോര്‍ജ്

ചൊവ്വ, 12 നവം‌ബര്‍ 2013 (14:54 IST)
PRO
തന്നെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി ആരെയും നിയോഗിച്ചിട്ടില്ലെന്നും ഉന്നതാധികാര സമിതി യോഗത്തില്‍ കെ എം മാണി തന്റെ കൂടെ നിന്നോയെന്ന് അറിയില്ലെന്നും പി സി ജോര്‍ജ്. പിസി ജോര്‍ജിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉരുണ്ട്കൂടിയ പ്രതിസന്ധിയെക്കുറിച്ച് ചോദിച്ച ഒരു മാധ്യമത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് പി സി ജോര്‍ജിനെ മാറ്റണമെന്ന ജോസഫ് ഗ്രൂപ്പിന്റെ ആവശ്യത്തെച്ചൊല്ലിയാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പ്രതിസന്ധി രൂക്ഷമായത്. എന്നാല്‍ യോഗ തീരുമാനങ്ങളെപ്പറ്റി പാര്‍ട്ടി ചെയര്‍മാനോട് ചോദിച്ചാല്‍ മതി എന്നാണ് ആദ്യം അദ്ദേഹം പ്രതികരിച്ചത്.

ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് നീക്കണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തില്‍ കെഎം മാണി തള്ളിയിരുന്നു. കെഎം മാണിയുടെ നിലപാടില്‍ കടുത്ത പ്രതിഷേധത്തിലാണ് ജോസഫ് ഗ്രൂപ്പ്.

അപമാനം സഹിച്ചും പാര്‍ട്ടിയില്‍ തുടരില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയായ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പലകാര്യങ്ങളിലും പാര്‍ട്ടിക്കുള്ളില്‍ മാന്യമായ പരിഗണന കിട്ടുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.

ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം പരിശോധിക്കാന്‍ കെഎംമാണി, പിജെ ജോസഫ്, സിഎഫ് തോമസ് എന്നിവരടങ്ങുന്ന സമിതിയെ ഉന്നതാധികാര യോഗം ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും സമിതിയില്‍ നിന്ന് ജോസഫ് വിട്ടുനിന്നേക്കുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക