തട്ടിക്കൊണ്ടുപോയ കപ്പലില്‍ കാസര്‍കോട് സ്വദേശിയും

തിങ്കള്‍, 22 ഓഗസ്റ്റ് 2011 (09:38 IST)
കാസര്‍കോട്: ഒമാന്‍ തീരത്തുനിന്ന് സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ കഴിഞ്ഞ ദിവസം റാഞ്ചിയ കപ്പലില്‍ കാസര്‍കോട് മൊഗ്രാല്‍ സ്വദേശിയും ഉള്ളതായി വിവരം കിട്ടി. മൊഗ്രാല്‍ കൊപ്രബസാര്‍ ബിഗ് നാങ്കി ഹൗസിലെ ഗ്രീന്‍ പാര്‍ക്കിലെ മുഹമ്മദ് നാങ്കി(53)യാണ് കപ്പലില്‍ ഉള്ളത്. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ മുംബൈയില്‍ നിന്ന് നാട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇരുപത്തിയൊന്ന് ഇന്ത്യക്കാരുമായി ഒമാനില്‍നിന്ന് മെത്തനോളുമായി പോയ മാര്‍ഷല്‍ ഐലന്‍ഡിന്റെ എം വി ഫെയര്‍കെം ബോഗി എന്ന കപ്പലില്‍ തൃശൂര്‍ സ്വദേശി ഉള്‍പ്പെട്ടതായി നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. തൃശൂര്‍ തളിക്കുളം എരണേഴത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രദ്യുമ്നന്‍റെ മകന്‍ രോഹിത് (25) ആണ് ഇത്.

സലാലെ തുറമുഖത്തു നങ്കൂരമിട്ടപ്പോഴാണ് കപ്പല്‍ റാഞ്ചിയത്. കൊള്ളക്കാ‍ര്‍ കപ്പലുമായി സോമാലിയയിലേക്ക് പുറപ്പെട്ടു എന്നാണ് വിവരം. ജൂലൈയില്‍ ആണ് രോഹിത് ഈ കപ്പലില്‍ ജോലിക്ക് കയറിയത്. കടല്‍കൊള്ളക്കാരുടെ ഭീഷണിയുള്ള വഴിയിലൂടെയാണ്തങ്ങള്‍ പുറപ്പെടുന്നതെന്ന് രോഹിത് ഇന്റര്‍നെറ്റ് വഴി ബന്ധുക്കളെ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക