ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം: ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

വെള്ളി, 27 മെയ് 2016 (10:57 IST)
സംസ്ഥാനത്തു ഡീസല്‍ വാഹനങ്ങള്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് അപ്പീല്‍ നല്‍കുന്നതിന് തീരുമാനമായത്. അപ്പീല്‍ നല്‍കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
 
പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന സിറ്റികളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതു കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങളെ ബാധിക്കുമെന്നും ഇത് മൂലം വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും സര്‍ക്കാര്‍ വിലയിരുത്തി.  കൂടാതെ ഇത് സംസ്ഥാനത്തെ 25 ശതമാനം പൊതുഗതാഗതത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്നാണ് അപ്പീല്‍ നല്‍കാന്‍ തീരുമാനമായത്.
 
കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ പൊതുഗതാഗത, തദ്ദേശസ്ഥാപന വാഹനങ്ങളല്ലാതെ 2000 സിസിക്കു മേലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ റജിസ്റ്റര്‍ ചെയ്തു നല്‍കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഉത്തരവു നടപ്പാക്കാന്‍ ഒരു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. പ്രധാന നഗരങ്ങളില്‍ ഉത്തരവു ലംഘിച്ചു പഴകിയ വാഹനങ്ങള്‍ ഓടിച്ചാല്‍ 5,000 രൂപ പരിസ്ഥിതി നഷ്ടപരിഹാരം ഈടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക