ഡിങ്കോയിസ്റ്റുകളുടെ പ്രാര്‍ത്ഥനയും കാത്തിരിപ്പും സഫലമായി, ഡിങ്കന്‍ വീണ്ടും, ഈ വരുന്ന 22ന് ഡിങ്കന്‍ നിങ്ങളുടെ അടുത്തെത്തും!

ബുധന്‍, 10 ഫെബ്രുവരി 2016 (16:52 IST)
അങ്ങനെ ‘കോടിക്കണക്കിന്’ വരുന്ന ഡിങ്കമതക്കാരുടെയും ഡിങ്കോയിസ്റ്റുകളുടെയും പ്രാര്‍ത്ഥനയും കാത്തിരിപ്പും സഫലമാകുകയാണ്. സാക്ഷാല്‍ ഡിങ്കന്‍ തിരിച്ചെത്തുകയാണ്. ഈ മാസം 22ന് ഡിങ്കന്‍ വീണ്ടും അവതരിക്കും. അതേ, ബാലമംഗളത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പ്രീതിയാര്‍ജ്ജിച്ച ഡിങ്കന്‍ മംഗളം വാരികയിലൂടെ വീണ്ടും വരികയാണ്. 22ന് എത്തുന്ന ആഴ്ചപ്പതിപ്പിലൂടെ ഡിങ്കന്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.
 
ബാലമംഗളം നിര്‍ത്തിയ ശേഷമാണ് യഥാര്‍ത്ഥത്തില്‍ ‘ഡിങ്കന്‍’ എന്ന കഥാപാത്രം കേരളത്തില്‍ ഒരു തരംഗമായി മാറിയത്. പരമ്പരാഗത മതങ്ങളുടെയും വിശ്വാസങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനായി ‘ഡിങ്കോയിസം’ എന്ന മതമുണ്ടായി. ബാലമംഗളം അവരുടെ വിശുദ്ധഗ്രന്ഥമായി. ഡിങ്കന്‍റെ വാസസ്ഥലമായ പങ്കിലക്കാട് ഈ മതക്കാരുടെ തീര്‍ത്ഥാടനകേന്ദ്രമായി.
 
ഡിങ്കന്‍ എന്ന കാഥാപാത്രത്തിന്‍റെ ജനപ്രീതി അറിയണമെങ്കില്‍ ജനപ്രിയനായകന്‍ ദിലീപിന്‍റെ പുതിയ ചിത്രത്തിന്‍റെ പേര് ശ്രദ്ധിച്ചാല്‍ മതി. ‘പ്രൊഫസര്‍ ഡിങ്കന്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഇതിനെതിരെ ഡിങ്കോയിസ്റ്റുകള്‍ ദിലീപിന്‍റെ പുട്ടുകടയിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.
 
ബാലമംഗളത്തില്‍ 1983ലാണ്‌ ഡിങ്കന്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌. ബാലമംഗളം എഡിറ്ററായിരുന്ന എന്‍ സോമശേഖരന്റെ രചനയില്‍ ആര്‍ട്ടിസ്‌റ്റ്‌ ബേബിയാണ് ചിത്രീകരണം നിര്‍വഹിച്ചത്. ഇപ്പോള്‍ മംഗളം വാരികയിലൂടെ ഡിങ്കന്‍ തിരിച്ചെത്തുമ്പോള്‍ ആര്‍ട്ടിസ്റ്റ് ബേബി തന്നെയാണ് കഥാപാത്രത്തിന് ചിത്രരൂപം നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക