ട്രെയിനില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം

വ്യാഴം, 7 ഏപ്രില്‍ 2011 (13:41 IST)
PRO
PRO
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും മനസമാധാനത്തോടെ യാത്ര ചെയ്യാന്‍ സാധിക്കില്ലേ? ഷൊര്‍ണൂരില്‍ സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന്‌ തള്ളിയിട്ട്‌ പിച്ചിച്ചീന്തിയതിന്റെ നടുക്കം മാറും മുമ്പേ ട്രെയിനില്‍ വീണ്ടും പീഡനശ്രമം അരങ്ങേറി. എന്നാല്‍ സഹയാത്രക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം പ്രതിയെ പിടികൂടാന്‍ സാധിച്ചു.

തിരുവനന്തപുരം-മംഗലാപുരം എക്‌സ്‌പ്രസ് വ്യാഴാഴ്ച പുലര്‍ച്ചെ ഫറോക്ക്‌ റയില്‍വെ സ്റ്റേഷനോടടുത്തപ്പോഴായിരുന്നു സംഭവം. മുകളിലെ ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന വടകര സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ അരീക്കോട്‌ കീഴ്‌പറമ്പ്‌ ചോയക്കാട്ട്‌ കടപ്പറമ്പ്‌ അബ്‌ദുള്‍ റഹ്‌മാന്‍(28) എന്നയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു. ഞെട്ടി എഴുന്നേറ്റ പെണ്‍കുട്ടി ഷര്‍ട്ടില്‍ പിടിച്ചെങ്കിലും ഇയാള്‍ കുതറിയോടി. യുവാവിനെ പിടിക്കാന്‍ ആവശ്യപ്പെട്ട് പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് സഹയാത്രികര്‍ ചേര്‍ന്ന്‌ അയാളെ പിടികൂടി റെയില്‍വെ പൊലീസിന്‌ കൈമാറി.

അബ്‌ദുള്‍ റഹ്‌മാന്‍ കേരള യൂണിവേഴ്‌സിറ്റി അറബിക്‌ ബിരുദാനന്തര വിദ്യാര്‍ത്ഥിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാള്‍ ആദ്യം സംഭവം നിഷേധിച്ചെങ്കിലും പിന്നീട്‌ കുറ്റം സമ്മതിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക