ട്രെയിന്‍ യാത്രയ്ക്കിടെ ഗവേഷകയായ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു. മെയ് 16-ന് വിവാഹം നിശ്ചയിച്ചിരിക്കെയാണ് കോഴിക്കോട് എന്‍ ഐ ടി യിലെ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഗവേഷകയായ ഒ കെ ഇന്ദുവിനെ (25) കാണാതാകുന്നത്. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ സഹോദരിയുടെ മകനാണ് ഇന്ദുവിന്റെ പ്രതിശ്രുതവരന്‍. പഠനകാലം മുതല്‍ തന്നെ ഇവര്‍ ഇരുവരും സുഹൃത്തുക്കളുമാണ്.
ഞായറാഴ്ച രാത്രി തിരുവനന്തപുരം- മംഗാലാപുരം എക്സ്പ്രസില്‍ കോഴിക്കോട്ടേക്ക് യാത്രചെയ്യവെയാണ് ഇന്ദു അപ്രത്യക്ഷയായത്. പേട്ട സ്റ്റേഷനില്‍ നിന്നായിരുന്നു അവര്‍ ട്രെയിനില്‍ കയറിയത്. സ്റ്റേഷനില്‍ വച്ച് ഇന്ദു പ്രതിശ്രുതവരനെ വിളിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വാഹനമോടിക്കുകയായിരുന്നതിനാല്‍ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പിന്നീട് ഇയാള്‍ നിരവധി തവണ തിരിച്ചുവിളിച്ചെങ്കിലും ഇന്ദു ഫോണ്‍ എടുത്തില്ലെന്നാണ് വിവരം. മാത്രമല്ല, പിന്നീട് വന്ന ഒരു കോളും ഈ പെണ്‍കുട്ടി എടുത്തിട്ടുമില്ല.
അതേസമയം എന്‍ ഐ ടിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ബാലരാമപുരം സ്വദേശി സുഭാഷ് എന്നയാള്‍ അന്നേ ദിവസം ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. എ സി കോച്ചില്‍ ആയിരുന്നു ഇരുവരും. ട്രെയില്‍ കായംകുളത്തെത്തുന്നത് വരെ ഇന്ദു ബര്‍ത്തില്‍ ഉണ്ടായിരുന്നതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇയാള്‍ക്കും വ്യക്തതയില്ല. ഇന്ദുവിന്റെ ബാഗുകളും പണവും മൊബൈല്‍ ഫോണുമൊക്കെ ബര്‍ത്തില്‍ തന്നെ കാണപ്പെടുകയും ചെയ്തു എന്നതാണ് പൊലീസിനെ കുഴക്കുന്ന മറ്റൊരു പ്രശ്നം. ട്രെയിനില്‍ നിന്ന് ഈ പെണ്‍കുട്ടി സ്വയം ഇറങ്ങിപ്പോയതാണെങ്കില്‍ ഇവയെല്ലാം ഒപ്പം കൊണ്ടുപോകുമായിരുന്നില്ലേ എന്ന ചോദ്യമാണ് പൊലീസിനെ വട്ടം ചുറ്റിക്കുന്നത്.
ട്രെയിന്‍ കല്ലായിയില്‍ എത്തിയപ്പോഴാണ് ഇന്ദുവിനെ കാണാതായ വിവരം താന്‍ അറിയുന്നതെന്ന് കാണിച്ച് സുഭാഷും റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇയാള്‍ ഇന്ദുവിന്റെ കുടുംബസുഹൃത്താണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നുമുണ്ട്.
കേസന്വേഷണത്തിനായി റെയില്‍വെ പൊലീന്റെ നേതൃത്വത്തില്‍ 12 അംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.