ടോയ്‌ലറ്റ് ഒളിക്യാമറ: കുറ്റപത്രം ഉടന്‍

വെള്ളി, 8 ഒക്‌ടോബര്‍ 2010 (14:52 IST)
കോഴിക്കോട് നഗരത്തിലെ സാഗര്‍ ഹോട്ടലിന്‍റെ വനിതാ ടോയ്‌ലറ്റില്‍ ഒളിക്യാമറ ഒളിപ്പിച്ചു വെച്ച സംഭവത്തില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. അന്വേഷണ റിപ്പോര്‍ട്ടിനന്‍റെ അടിസ്ഥാനത്തില്‍ അഖില്‍ ജോസിനെ പ്രതിയാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. കമ്മീഷണറുടെ അനുമതി കൂടി ലഭിച്ചാല്‍ രണ്ടു ദിവസത്തിനകം ഇത് കോടതിയില്‍ സമര്‍പ്പിച്ചേക്കും.

സംഭവത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന ഫോറന്‍സിക് ലാബിന്‍റെ റിപ്പോര്‍ട്ട് പൊലീസിന് നല്കി. മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിപ്പിച്ചു വെച്ച് പ്രതി നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നെന്നും, എന്നാല്‍ മറ്റ് ഫോണുകളിലേക്കോ കമ്പ്യൂട്ടറിലേക്കോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സംസ്ഥാന ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടുദിവസം മുമ്പാണ് ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ട് നടക്കാവ് സി ഐ ഓഫീസിലേക്ക് അയച്ചുകൊടുത്തത്. കേസിലെ പ്രതിയായ അഖില്‍ ജോസിനെതിരെ ശക്തമായ തെളിവുകള്‍ നല്കുന്നതാണ് റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള വഴിയാണ് ഒരുങ്ങിയിരിക്കുന്നത്.

മാര്‍ച്ച് പതിനൊന്നിന് ആയിരുന്നു മൊബൈല്‍ ഒളിക്യാമറ സംഭവം പുറംലോകം അറിഞ്ഞത്. ഇതു കണ്ടു പിടിച്ച യുവതിയാണ് സംഭവം സംഭവം പുറത്തു കൊണ്ടു വന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ പ്രതികള്‍ ആയതുള്‍പ്പെടെ മറ്റ് മൂന്നു കേസുകള്‍ കൂടി ഇപ്പോള്‍ നിലവിലുണ്ട്.

ഒരു മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ടോയ്‌ലറ്റില്‍ കയറിയ സ്ത്രീകളുടെയോ കുട്ടികളുടെയോ മുഖമോ ശരീരഭാഗമോ വ്യക്തമല്ല. തലയുടെ മുകള്‍ ഭാഗം മാത്രമാണ് കാണാവുന്നത്. എന്നാല്‍, ക്യാമറ സ്ഥാപിച്ചപ്പോള്‍ പ്രതിയുടെ മുഖം വ്യക്തമായി പതിഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക