ടി പി വധത്തിന്റെ കാരണം വ്യക്തിവിരോധം; കെ സി രാമചന്ദ്രനെ സിപിഎമ്മില്‍നിന്ന് പുറത്താക്കി
വ്യാഴം, 6 മാര്‍ച്ച് 2014 (18:31 IST)
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധത്തിന്റെ കാരണം വ്യക്തിവിരോധമാണെന്ന് പാര്‍ട്ടി അന്വേഷണകമ്മീഷന്‍. വധക്കേസില്‍ ആരോപണവിധേയമായ സിപിഎം ഇതാദ്യമായാണ് ഈ സംഭവത്തിന്റെ പേരില്‍ ഒരു പാര്‍ട്ടി നേതാവിനെതിരേ നടപടിയെടുക്കുന്നത്.
കേസില്‍ കോടതി ശിക്ഷിച്ച കുന്നുമങ്കര ലോക്കല്‍ കമ്മിറ്റിയംഗം കെ സി രാമചന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയാണെന്ന് സംസ്ഥാനകമ്മിറ്റി വ്യക്തമാക്കി. വ്യക്തിവിരോധമാണ് രാമചന്ദ്രനെ ഇതിന് പ്രേരിപ്പിച്ചതെന്ന് സിപിഎം നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തിയതായി സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നുകൂടി പാര്‍ട്ടി അറിയിച്ചു.
അതേസമയം ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനും ട്രൗസര്‍ മനോജിനും സംഭവത്തില്‍ പങ്കില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. കരാര്‍ പണികള്‍ മുടക്കിയതിന്റെ പേരിലാണ് രാമചന്ദ്രന് ചന്ദ്രശേഖരനോട് വിരോധമുണ്ടായതത്രെ. പാര്‍ട്ടിക്കു പങ്കില്ലെന്നു ഇതുവരെ ആവര്‍ത്തിച്ചിരുന്ന സിപിഎം ഇപ്പോഴും അതുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
കെ സി രാമചന്ദ്രന്‍ വ്യക്തിവിരോധം കാരണം കൊലപാതകത്തില്‍ പങ്കെടുത്തുവെന്ന് പറഞ്ഞിരിക്കുന്നതും ഇതിന്റെ തെളിവാണ്. കുഞ്ഞനന്തന്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. രാമചന്ദ്രന്‍ കോഴിക്കോട് ജില്ലക്കാരനായതുകൊണ്ട് ചന്ദ്രശേഖരനുമായി വ്യക്തിവിരോധമുണ്ടാവുക സ്വാഭാവികമാണെന്ന് സിപിഎമ്മിന് വ്യാഖ്യാനിക്കാനാവും.