ടി പി വധക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല, വീണ്ടും അലം‌ഭാവം

തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (17:56 IST)
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ അലംഭാവം വീണ്ടും. കേസില്‍ മതിയായ തെളിവില്ലാത്ത കാരണത്താല്‍ 20 പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല. അപ്പീല്‍ നല്‍കാനുള്ള അവസാനദിവസം നവംബര്‍ 11 ആയിരുന്നു.

സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍, എസ് എഫ് ഐ ജില്ലാ നേതാവ് സരിന്‍ ശശി എന്നിവര്‍ ഉള്‍പ്പടെയുള്ളവരെയാണ് വെറുതെ വിട്ടത്. സെപ്റ്റംബര്‍ 11നായിരുന്നു ഇവരെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി വന്നത്. ക്രിമിനല്‍ നടപടിച്ചട്ടമനുസരിച്ച് വിധി വന്ന് 60 ദിവസങ്ങള്‍ക്കകം അപ്പീല്‍ നല്‍കണം. 60 ദിവസം കഴിഞ്ഞാല്‍ പിന്നീട് അപ്പീല്‍ നല്‍കണമെങ്കില്‍ മാപ്പപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ മാപ്പപേക്ഷ സമര്‍പ്പിച്ചാല്‍ പോലും അത് കോടതിക്ക് ബോധ്യപ്പെടണം എന്ന രീതി പരിഗണിച്ചാല്‍ ഇനി അപ്പീല്‍ പോകുക എന്നത് ശ്രമകരമായ കാര്യമാണ്.

മതിയായ തെളിവില്ലാതെ അപ്പീല്‍ പോയാല്‍ അത് നാണക്കേടാകുമെന്ന് കരുതിയാവാം പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കാത്തതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഇത് മറ്റൊരു രീതിയിലുള്ള ഒത്തുകളിയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള ഇടത് - വലത് നേതാക്കള്‍ ആരോപിക്കുന്നു.

സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയത് ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പുകേടാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ അപ്പീല്‍ പോകാതിരുന്നതോടെ ആക്ഷേപം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് ടി പി കേസിലെ പ്രതികള്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതിന്‍റെ വിവരങ്ങളും എത്തിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക