ടി പി വധം: കെ കെ രാഗേഷിന് നോട്ടീസ്

ബുധന്‍, 27 ജൂണ്‍ 2012 (16:39 IST)
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ സി പി എം സംസ്ഥാന സമിതി അംഗം കെ കെ രാഗേഷിനോട്‌ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ബുധനാഴ്ച ഹാജരാകാനാണ്‌ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തനിക്ക് അസുഖമാണെന്നും അതിനാല്‍ 20 ദിവസം കഴിഞ്ഞു മാത്രമെ ഹാജരാകാനാകുവെന്നും രാഗേഷ്‌ അന്വേഷണ സംഘത്തെ അറിയിച്ചു.

കേസില്‍ അറസ്റ്റിലായ സി പി എം നേതാവായ പി കെ കുഞ്ഞനന്തനെ ഒളിവില്‍ പാര്‍പ്പിച്ചതിന്‌ പിടിയിലായ എസ്‌ എഫ്‌ ഐ നേതാവ്‌ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ രാഗേഷിനോട്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടത്‌. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിലെ സംസ്ഥാന തലത്തിലുള്ള നേതാവിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നത്.

അതേസമയം, ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ പാര്‍ട്ടി വിട്ടതിന്റെ വൈരാഗ്യമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതിനുവേണ്ടി 2009 മുതല്‍ ഗൂഢാലോചന നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്‌.

കഴിഞ്ഞ മെയ് നാല് വെള്ളിയാഴ്ച രാത്രി പത്തരയോടെ വടകര വള്ളിക്കാടിനു സമീപം ഇന്നോവ കാറിലെത്തിയ സംഘമാണ്‌ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തില്‍ വെട്ടേറ്റത്തിന്റെ 51 മുറിവുകളുണ്ടായിരുന്നു‌.

വെബ്ദുനിയ വായിക്കുക